കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിജ്ഞാപനം വരുന്നതുവരെ ലൈസന്‍സുള്ള തോക്കുകള്‍ സ്റ്റേഷനുകളില്‍ ഹാജരാക്കാന്‍ ഉടമകളെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് ടി.ആര്. രവി ഉള്‍പ്പെട്ട ബെഞ്ചാണ് മരട് സ്വദേശി പി.എച്ച്. സംഗീത് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പോലീസ് സ്റ്റേഷനുകളില്‍നിന്നു തോക്കുകള്‍ കൈമാറാന്‍ സമ്മര്‍ദമുണ്ടെന്ന പരാതി
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ പോലീസ് സ്റ്റേഷനുകളില്‍നിന്നു തോക്കുകള്‍ കൈമാറാന്‍ സമ്മര്‍ദമുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് കോടതി ഇടപെടല്‍. 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ഇതുവരെ ഔദ്യോഗിക വിജ്ഞാപനം വന്നിട്ടില്ലെന്നും അതിനാല്‍ ആയുധങ്ങള്‍ കൈമാറാന്‍ ജില്ലാ കളക്ടര്‍ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.ഇതു കണക്കിലെടുത്താണ് ഔദ്യോഗികമായി ഉത്തരവുകള്‍ ഉണ്ടാകാത്തിടത്തോളം തോക്കുകള്‍ കൈമാറാന്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ നിര്‍ബന്ധിക്കരുതെന്ന് കോടതി വ്യക്തമാക്കിയത്.
