ഇറാന്റെ ഡ്രോണുകൾ നിലം തൊടും മുമ്പേ ചാരമാക്കി ഗൾഫ് രാജ്യങ്ങൾ

ദുബൈ / റിയാദ് | ഒന്നിന് പിറകെ ഒന്നായി ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ട് ഗൾഫ് മേഖലയിൽ കടുത്ത ഭീതി പടർത്താൻ ഇറാൻ നടത്തുന്ന നീക്കം പാളുന്നു. ഇറാന്റെ ആക്രമണ പദ്ധതികളെ ആകാശത്തുവെച്ചുതന്നെ തകർത്തെറിഞ്ഞ് ഗൾഫ് രാജ്യങ്ങൾ ശക്തമായ പ്രതിരോധം തീർത്തു. ശനിയാഴ്ച പുലർച്ചെ മുതൽ സൗദി അറേബ്യ, യു എ ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ വ്യാപകമായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയത്.

ദുബൈ വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകി

സൗദി അറേബ്യയിലെ അൽ ഖർജിലുള്ള പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ മന്ത്രാലയം വിജയകരമായി തകർത്തു. ഇതിനുപുറമെ ഷെയ്‌ബ എണ്ണപ്പാടത്തിന് നേരെ വന്ന ആറ് ഡ്രോണുകളെയും റിയാദിന് കിഴക്കായി മറ്റൊരു ഡ്രോണിനെയും പ്രതിരോധ സേന ആകാശത്തുവെച്ച് വെടിവെച്ചിട്ടു. യു എ ഇ ലക്ഷ്യമിട്ടും ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങളുണ്ടായി. ഇവയെല്ലാം തകർത്തതായും അവശിഷ്ടങ്ങൾ വീണത് മൂലം ചെറിയ തോതിലുള്ള ആഘാതങ്ങൾ മാത്രമാണ് ഉണ്ടായതെന്നും ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ഇതിനിടെ ദുബൈ വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകിയതായും റിപ്പോർട്ടുകളുണ്ട്.

ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന സർവീസുകൾക്ക് ഭാഗിക നിയന്ത്രണം

ഖത്തറിന് നേരെ വെള്ളിയാഴ്ച പത്ത് ഡ്രോണുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇതിൽ ഒൻപതെണ്ണം തകർത്തെങ്കിലും ഒന്ന് വിജനമായ സ്ഥലത്ത് പതിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന സർവീസുകൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബഹ്‌റൈനിലും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൈറണുകൾ മുഴങ്ങി. ജോർദാനിലെ അഖബയിലും മിസൈലുകൾ തകർത്തിട്ടുണ്ട്. ഇസ്റാഈലുമായുള്ള യുദ്ധം തുടരുന്നതിനിടെ മേഖലയിലെ യു എസ് ആസ്തികൾ ലക്ഷ്യമിട്ടാണ് ഇറാൻ ഈ പ്രകോപനം തുടരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →