ടെഹ്‌റാൻ | ഇറാന് മേൽ അമേരിക്കൻ സൈനിക ആക്രമണം ഏതുനിമിഷവും ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ രാജ്യം അതീവ ജാഗ്രതയിൽ. ജനീവയിൽ നടന്ന ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞതും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകളും ഇറാൻ ജനതയെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
യുദ്ധഭീതിയിൽ വ്യാപാര മേഖല തകർന്നിരിക്കുന്നു
യുദ്ധം അനിവാര്യമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായതോടെ ജനങ്ങൾ അത്യാവശ്യ സാധനങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ടിന്നിലടച്ച ഭക്ഷണങ്ങൾ, ടോർച്ചുകൾ, കുടിവെള്ളം എന്നിവ വാങ്ങി സൂക്ഷിക്കുന്നതിനൊപ്പം അടിയന്തര സാഹചര്യത്തിൽ രക്ഷപ്പെടാനുള്ള ബാഗുകളും പലരും തയ്യാറാക്കി കഴിഞ്ഞു. എന്നാൽ കടുത്ത ഉപരോധവും 62 ശതമാനത്തിന് മുകളിലുള്ള പണപ്പെരുപ്പവും കാരണം വിപണികൾ നിശ്ചലമാണ്. പേർഷ്യൻ പുതുവർഷമായ നൗറൂസ് ആഘോഷങ്ങൾക്കായുള്ള തിരക്ക് അനുഭവപ്പെടേണ്ട സമയമാണെങ്കിലും യുദ്ധഭീതിയിൽ വ്യാപാര മേഖല തകർന്നിരിക്കുകയാണ്.
