തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അധ്യാപക നിയമന നടപടികളിൽ പൂർണ നിയന്ത്രണം ഉറപ്പാക്കാൻ പുതിയ ഉത്തരവ് പുറത്തിറക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വൈസ് ചാൻസലർമാരുടെ നിയമനത്തിന് പിന്നാലെയാണ് അധ്യാപക നിയമനത്തിലും ചാൻസലർ കൂടിയായ ഗവർണർ പിടിമുറുക്കുന്നത്.
മുൻ ഗവർണർ പി. സദാശിവത്തിന്റെ കാലത്തുള്ള പഴയ പട്ടിക പൂർണമായും റദ്ദാക്കി.
സെലക്ഷൻ കമ്മിറ്റികളിലേക്ക് ഗവർണറുടെ പ്രതിനിധികളെ നിയമിക്കുന്നതിനായി മുൻ ഗവർണർ പി. സദാശിവത്തിന്റെ കാലത്തുള്ള പഴയ പട്ടിക പൂർണമായും റദ്ദാക്കി. ഇനി മുതൽ ഓരോ അധ്യാപക നിയമന നടപടി ആരംഭിക്കുന്നതിന് മുൻപും ഗവർണറുടെ പുതിയ നോമിനിയെ ആവശ്യപ്പെട്ടുകൊണ്ട് സർവകലാശാലകൾ രാജ്ഭവന് കത്ത് നൽകണം.
എല്ലാ വിവരങ്ങളും വിസിമാർ ഗവർണർക്ക് കൈമാറണം.
നോമിനിയെ ആവശ്യപ്പെടുമ്പോൾ നിയമനം നടത്താൻ ഉദ്ദേശിക്കുന്ന തസ്തികകൾ, ആവശ്യമായ യോഗ്യതകൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിസിമാർ ഗവർണർക്ക് കൈമാറണം. ഗവർണർ നോമിനിയെ നിശ്ചയിച്ചു നൽകിയാൽ രണ്ട് മാസത്തിനുള്ളിൽ നിയമന നടപടികൾ പൂർത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളിൽ നിയമനം നടന്നില്ലെങ്കിൽ പഴയ നോമിനി അയോഗ്യനാവുകയും വീണ്ടും പുതിയ നോമിനിയെ ആവശ്യപ്പെടുകയും വേണം.
സെലക്ഷൻ കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധി നിർബന്ധ
യുജിസി ചട്ടപ്രകാരം എട്ടംഗ സെലക്ഷൻ കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധി നിർബന്ധമാണ്. എന്നാൽ പലപ്പോഴും ഗവർണർ അറിയാതെ പഴയ പട്ടികയിൽ നിന്ന് സർവ്വകലാശാലകൾ തങ്ങൾക്കിഷ്ടമുള്ളവരെ പ്രതിനിധിയായി ഉൾപ്പെടുത്താറുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തിടുക്കത്തിൽ നിയമനങ്ങൾ നടത്താനുള്ള സർക്കാർ നീക്കം തടയാൻ കൂടിയാണ് ഗവർണറുടെ ഈ ഇടപെടൽ.
