ഭാര്യയെ കൊലപ്പെടുത്തിയ ആൾക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിൽ അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യ സ്ത്രീധനപീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി. കൊല്ലപ്പെട്ട യുവതിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച 75,000 രൂപ ലഭിക്കാനായി മാതാവ് നൽകിയ ഹർജികൾ വിചാരണക്കോടതികൾ തള്ളിയതിനെതിരേ തിരുവനന്തപുരം സ്വദേശികൾ നൽകിയ ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ് എസ്. ഈശ്വരൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം

ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവർക്ക് ബാധകമായത് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമാണ്. ഇതുപ്രകാരം ഭാര്യയെ കൊലപ്പെടുത്തിയ ആൾക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിൽ അവകാശമില്ലെന്ന് പ്രത്യേകം വ്യക്തമാക്കുന്നില്ല. ഇത് കണക്കിലെടുത്തായിരുന്നു വിചാരണക്കോടതികൾ ഹർജികൾ തള്ളിയത്.

ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ കൊലപാതകിക്ക് കൊല്ലപ്പെട്ടയാളുടെ സ്വത്തിൽ അവകാശമില്ലെന്നു വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം കോടതികളും മുമ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിന്റെ കാര്യത്തിൽ ഇത്തരമൊരു വ്യക്തത കോടതികളും നേരത്തേ വരുത്തിയിട്ടില്ല. തുടർന്നാണ് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരവും കൊല്ലപ്പെട്ടയാളുടെ സ്വത്തിന് കൊലപാതകിക്ക് അവകാശം ഉന്നയിക്കാനാകില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →