തിരുവനന്തപുരം : രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഗതാഗത നിയമലംഘനങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഉത്തർപ്രദേശാണ്. റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. മോട്ടോർ വാഹന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഏജൻസികളായ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് 2023നും 2025നും മധ്യേ കേരളത്തിൽ 3 .25 കോടി ചെലാനുകൾ ഇഷ്യൂ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 4.91 കോടി ചെലാനുകൾ ഇഷ്യൂ ചെയ്താണ് ഉത്തർപ്രദേശ് ഒന്നാമത് എത്തിയത്. 3.12 കോടി ചെലാനുകൾ നൽകിയ തമിഴ്നാടാണ് മൂന്നാം സ്ഥാനത്തുള്ളത്.
ഒരു ദിവസം ശരാശരി റിപ്പോർട്ട് ചെയ്യുന്നത് 27, 000 -ൽ അധികം കേസുകളാണ്നിയമ ലംഘനങ്ങൾ
കേരളത്തിൽ പ്രതിവർഷം ഒരു കോടിയിലധികം ഗതാഗത നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ദിവസം ശരാശരി റിപ്പോർട്ട് ചെയ്യുന്നത്27, 000 -ൽ അധികം കേസുകളാണ്. 2025 ൽ മാത്രം കേരളത്തിൽ 1,00, 53,983 ചെലാനുകൾ പുറപ്പെടുവിച്ചതായാണ് കണക്കുകളിൽ പറയുന്നത്. അതേസമയം 2025 ൽ കേരളത്തിൽ ഇഷ്യൂ ചെയ്ത ആകെ ചെലാനുള്ളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ൽ 1,11,33,412 ഉം 2024 ൽ 1, 13 ,80,834 ഉം ഗതാഗത നിയമലംഘനങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, അമിത വേഗത എന്നിവയാണ് പ്രധാന ഗതാഗത നിയമ ലംഘനങ്ങൾ
2025 ൽ ഇത് കുറയാൻ കാരണം ഇരുചക്ര വാഹന യാത്രക്കാർക്കിടയിൽ ഹെൽമറ്റ് ധരിക്കൽ കൂടുതൽ മെച്ചപ്പെട്ടതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാ ജില്ലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിച്ച ശേഷം ബൈക്ക് യാത്രികർ ഹെൽമറ്റ് ധരിക്കുന്നതിൽ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്.മാത്രമല്ല മരണ നിരക്ക് കുറയ്ക്കാനും ഇത് സഹായകമായിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതെ കാർ ഓടിക്കൽ, പിൻസീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, അമിത വേഗത എന്നിവയാണ് സംസ്ഥാനത്തെ പ്രധാന ഗതാഗത നിയമ ലംഘനങ്ങളിൽ ഉൾപ്പെടുന്നത്.
2023 ൽ മാത്രം കേരളത്തിന് പിഴയായി ലഭിച്ചത് 400 കോടി രൂപ
ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് ഗണ്യമായ വരുമാനം ലഭിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2023 ൽ മാത്രം കേരളത്തിന് പിഴയായി ലഭിച്ചത് 400 കോടി രൂപയാണ്. 2023 നും 2025 നും മധ്യേ കേരളത്തിന് പിഴയായി ലഭിച്ചത് 961 കോടി രൂപയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
