തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയവര്‍ക്കുപോലും നിയമനം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിഎസ്സി ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഫെബ്രുവരി 13 ന് രാവിലെ ജില്ലാ പഞ്ചായത്ത് ഓഫീസിനുമുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പിഎസ്സി ആസ്ഥാന മന്ദിരത്തിലെ കവാടത്തിനുമുന്നില് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു.
പിഎസ്സിയുടെ ഔദ്യോഗിക ചിഹ്നത്തിനു മുകളില്‍ റീത്ത്വച്ച് പ്രതിഷേധിച്ചു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാരിക്കേഡിനു മുകളില്‍ കയറി പ്രവര്‍ത്തകര്‍ കവാടത്തിനുമുന്നിലായി തൂക്കുകയറുകള്‍ സ്ഥാപിച്ചു. തുടർന്ന് പിഎസ്സിയുടെ ഔദ്യോഗിക ചിഹ്നത്തിനു മുകളില്‍ റീത്ത്വച്ചും പ്രതിഷേധിച്ചു. ബാരിക്കേഡ് തകര്‍ത്തു കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ് അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു.
ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ അനീഷ് ചെമ്പഴന്തി, ആര്.എസ് വിപിന്‍, അഫ്സല് ബാലരാമപുരം തുടങ്ങിയവർ നേതൃത്വം നൽകി.
