നെടുമ്പാശേരി: സിയാല്‍ എയ്റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരി 9 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.ഇതോടെ കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറില്‍ 101 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് പദ്ധതികളാണ് എയ്റോ പാര്‍ക്കിന്റെ ഭാഗമാകുക. പൂര്‍ത്തിയാക്കിയ മൂന്നു പദ്ധതികളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മറ്റ് മൂന്നു പദ്ധതികളും ഉള്‍പ്പെട്ടതാണ് എയ്റോപാര്‍ക്കിന്റെ ഒന്നാം ഘട്ടം.
നാനൂറിലധികം പേര്‍ക്ക് ഒരേസമയം ജോലി ചെയ്യാനും മുപ്പതോളം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുമുള്ള സൗകര്യം.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് 30 കോടി രൂപ ചെലവില്‍ 40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച സിഐഎഎസ്എല്‍ ബിസിനസ് സെന്ററാണ്. ഒരു വിമാനത്താവള കമ്പനിയുടെ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെതന്നെ അപൂര്‍വമായ ഈ പ്രീമിയം കോവര്‍ക്കിംഗ് സ്പേസില്‍ നാനൂറിലധികം പേര്‍ക്ക് ഒരേസമയം ജോലി ചെയ്യാനും മുപ്പതോളം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുമുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്.വിമാനത്താവളത്തിന്റെ അനുബന്ധ വ്യവസായങ്ങള്‍, ആധുനിക സുരക്ഷാ പരിശീലന കേന്ദ്രങ്ങള്‍, സാങ്കേതിക വിഭാഗങ്ങള്‍ എന്നിവയെ ഒരു കുടക്കീഴില് കൊണ്ടുവരുന്നതാണ് ഈ ബൃഹദ് പദ്ധതി.
അഗ്നിശമന സേനാംഗങ്ങള്‍ക്ക് അതീവ ദുഷ്കരമായ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വിദഗ്ധ പരിശീലനം .
സിയാലിനെ സാങ്കേതികമായി സ്വയംപര്യാപ്തമാക്കുന്നതിനായി 13 കോടി രൂപ ചെലവില്‍ സജ്ജമാക്കിയ ടെക്നിക്കല്‍ സര്‍വീസസ് ഫെസിലിറ്റിയും രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷന്‍ ബ്രീത്തിംഗ് അപ്പാരറ്റസ് ട്രെയിനിംഗ് ഗാലറിയുമാണ് പൂര്‍ത്തിയാക്കിയ മറ്റ് പദ്ധതികള്‍. 800 ചതുരശ്ര അടിയില്‍ മെയ്സ് മാതൃകയില്‍ നിര്‍മിച്ച പരിശീലന സംവിധാനം വഴി അഗ്നിശമന സേനാംഗങ്ങള്‍ക്ക് അതീവ ദുഷ്കരമായ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വിദഗ്ധ പരിശീലനം നല്‍കും. ഉദ്ഘാടന യോഗത്തിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവര്‍ പങ്കെടുക്കും.
