ന്യൂഡൽഹി | രാജ്യത്ത് ഡിജിറ്റൽ തട്ടിപ്പുകളിലൂടെ 54,000 കോടിയിലധികം രൂപ കവർന്ന സംഭവത്തെ ‘വൻ കൊള്ള’യെന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി. പല ചെറിയ സംസ്ഥാനങ്ങളുടെയും വാർഷിക ബജറ്റിനേക്കാൾ വലിയ തുകയാണ് ഇത്തരത്തിൽ തട്ടിയെടുക്കപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനായി റിസർവ് ബാങ്ക് (ആർ ബി ഐ), ബാങ്കുകൾ, ടെലികോം വകുപ്പ് എന്നിവയുമായി ആലോചിച്ച് നാലാഴ്ചയ്ക്കകം മാർഗരേഖ (SoP) തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
‘ഡിജിറ്റൽ അറസ്റ്റ്’ കേസുകൾ തിരിച്ചറിയാൻ സി ബി ഐ.യോട് കോടതി ആവശ്യപ്പെട്ടു. .
ബാങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥയോ ഒത്തുകളിയോ ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലുണ്ടാകാമെന്ന് കോടതി നിരീക്ഷിച്ചു. സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്ക് ഡെബിറ്റ് കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ആർ ബി ഐ.യുടെ മാർഗരേഖകൾ ആഭ്യന്തര മന്ത്രാലയം പരിഗണിക്കണം. രാജ്യത്ത് വർദ്ധിച്ചുവരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ കേസുകൾ തിരിച്ചറിയാൻ സി ബി ഐ.യോട് കോടതി ആവശ്യപ്പെട്ടു. ഇത്തരം കേസുകളിൽ അന്വേഷണം നടത്തുന്നതിന് ഡൽഹി, ഗുജറാത്ത് സർക്കാരുകൾ കേന്ദ്ര ഏജൻസിക്ക് ഉടൻ അനുമതി നൽകണം..
ആർ ബി ഐ.യും ടെലികോം വകുപ്പും സംയുക്തമായി യോഗം ചേർന്ന് പ്രത്യേക ചട്ടക്കൂട് രൂപീകരിക്കണം
ഡിജിറ്റൽ അറസ്റ്റിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഉദാരമായ സമീപനം വേണമെന്നും കോടതി പറഞ്ഞു. ഇതിനായി ആർ ബി ഐ.യും ടെലികോം വകുപ്പും സംയുക്തമായി യോഗം ചേർന്ന് പ്രത്യേക ചട്ടക്കൂട് രൂപീകരിക്കണം. വ്യാജ നിയമപാലകരായി ചമഞ്ഞ് സാധാരണക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ സുപ്രീം കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും..
