ന്യൂഡല്‍ഹി | സിന്ധു നദീജല കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി ആരംഭിച്ച നടപടികളുമായി സഹകരിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. ബാഗ്ലിഹാര്‍, കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള പ്രവര്‍ത്തന ലോഗ്ബുക്കുകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഇന്ത്യ പ്രതികരിച്ചില്ല.
പാകിസ്താന്‍ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത് കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധം
. ആര്‍ബിട്രേഷന്‍ കോടതി നടപടികള്‍ നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിക്കുന്ന ഇന്ത്യ, അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ ഉത്തരവുകള്‍ക്കോ നിയമസാധുതയില്ലെന്ന് വ്യക്തമാക്കി. കോടതി നിര്‍ദേശിക്കുന്ന രേഖകള്‍ ഹാജരാക്കാനോ വാദങ്ങളില്‍ പങ്കെടുക്കാനോ ഇന്ത്യ തയ്യാറല്ല. സാങ്കേതിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സ്വതന്ത്ര വിദഗ്ധനെ നിയമിക്കുന്നതിന് പകരം പാകിസ്താന്‍ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത് കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു .
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 23നാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയത്.
ഇന്ത്യയുടെ അഭാവത്തില്‍ പാകിസ്താന്റെ വാദം മാത്രം കേട്ട് നടപടികളുമായി മുന്നോട്ടു പോകാനാണ് കോടതി നീക്കം. പഹല്‍ഗാമില്‍ 26 സാധാരണക്കാരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് പിന്നാലെ, കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 23നാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയത്. പാകിസ്താനിലെ കൃഷിയുടെ വലിയ ശതമാനവും സിന്ധുനദിയിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. പാകിസ്താനിലെ പ്രധാന ജലസംഭരണികളായ തര്‍ബേല, മംഗ്ല എന്നിവയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ താഴ്ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ നിലപാട് പാകിസ്താനെ വലിയ പ്രതിസന്ധിയിലാക്കുന്നു..
