നീലേശ്വരം| സംസ്ഥാന ബജറ്റിലും നീലേശ്വരം താലൂക്ക് പ്രഖ്യാപനം ഉണ്ടാകാത്ത സാഹചര്യത്തിൽ, വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നീലേശ്വരം വികസന സമിതി പ്രവാസി ഘടകം സെക്രട്ടറി റാഷിദ് പൂമാടം റവന്യു മന്ത്രി കെ രാജന് നിവേദനം നൽകി. പിണറായി സർക്കാരിന്റെ അവസാന ബജറ്റിലും നീലേശ്വരത്തിന്റെ ദീർഘകാല ആവശ്യത്തിന് പച്ചക്കൊടി കാട്ടാത്തതിലുള്ള ജനകീയ പ്രതിഷേധം അദ്ദേഹം മന്ത്രിയെ അറിയിച്ചു.
നീലേശ്വരത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യം
സ്വന്തമായി താലൂക്ക് ആസ്ഥാനം വേണമെന്നത് നീലേശ്വരത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. താലൂക്കിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സന്നദ്ധത അറിയിച്ച് നീലേശ്വരം നഗരസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ജില്ലയിലെ പഴയ ഫർക്കകളെല്ലാം താലൂക്കുകളായി ഉയർത്തപ്പെട്ടപ്പോഴും നീലേശ്വരത്തെ മാത്രം തഴയുന്നതിലെ അനീതി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വിഷയം ഗൗരവമായി പരിശോധിക്കാമെന്ന് മന്ത്രി
ഹോസ്ദുർഗ് താലൂക്കിനെ ആശ്രയിക്കുന്ന മലയോര മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനും, പൈതൃക നഗരമായ നീലേശ്വരത്തിന്റെ ഭരണപരമായ വളർച്ചയ്ക്കും പുതിയ താലൂക്ക് അനിവാര്യമാണെന്ന് റാഷിദ് പൂമാടം മന്ത്രിയോട് പറഞ്ഞു. വിഷയം ഗൗരവമായി പരിശോധിക്കാമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാമെന്നും മന്ത്രി ഉറപ്പുനൽകി. .


