ന്യൂഡൽഹി: ഭാരതത്തിന്റെ അതിർത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ ബജറ്റിൽ വൻ വർധന പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2026-27 സാമ്പത്തിക വർഷത്തേക്ക് 7.85 ലക്ഷം കോടി രൂപയാണ് പ്രതിരോധ മന്ത്രാലയത്തിന് അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിരോധ വിഹിതത്തിൽ ഉണ്ടായ ഈ വർധന രാജ്യത്തെ സൈനിക ചരിത്രത്തിലെ തന്നെ റിക്കാർഡാണ്.
സായുധ സേനയുടെ ആധുനികവത്കരണത്തിനായി മാത്രം 2.19 ലക്ഷം കോടി രൂപ
സായുധ സേനയുടെ ആധുനികവത്കരണത്തിനായി മാത്രം 2.19 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. ഇതു കഴിഞ്ഞ വർഷത്തെക്കാൾ 21.84 ശതമാനം കൂടുതലാണ്. പുതിയ വിമാനങ്ങൾക്കും എൻജിനുകൾക്കുമായി 63,733 കോടി രൂപ അനുവദിച്ചു. റഫാൽ യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ തുടങ്ങിയവ വാങ്ങുന്നതിനുള്ള കരാറുകൾക്ക് ഇതു വേഗം കൂട്ടും.പ്രതിരോധ മേഖലയിലെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നിർമാണത്തിനുമായി ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 11 ശതമാനമാണ് പ്രതിരോധത്തിനായി മാറ്റിവച്ചത്. കഴിഞ്ഞ വർഷം ഇത് എട്ടു ശതമാനമായിരുന്നു. സൈനികരുടെ പെൻഷൻ വിഹിതം 1.71 ലക്ഷം കോടി രൂപയായി ഉയർത്തി.
‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായ ആയുധ നിർമാണത്തിന് പിന്തുണ
‘ഓപ്പറേഷൻ സിന്ദൂർ’ പോലുള്ള സാഹചര്യങ്ങൾ നേരിടാൻ സേനയെ കൂടുതൽ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായ ആയുധ നിർമാണത്തിനും ഗവേഷണത്തിനും ബജറ്റ് വലിയ പിന്തുണ നൽകുന്നുണ്ട്.
