ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ചതായി മകൾ നൽകിയ പരാതി കള്ളമെന്നു വ്യക്തമായതിനെത്തുടർന്ന് 48-കാരന് വിധിച്ച അഞ്ചുവർഷത്തെ തടവുശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമ്മയുടെ പ്രേരണയാലാണ് താൻ അച്ഛനെതിരേ പരാതി നൽകിയതെന്ന് 13-കാരി തുറന്നുപറയുകയായിരുന്നു. സ്വന്തം ഭർത്താവിനെതിരേ മകളെക്കൊണ്ട് കള്ളം പറയിപ്പിച്ച് പോലീസിൽ പരാതി നൽകിയ അമ്മയുടെ നടപടിയെ കോടതി നിശിതമായി വിമർശിച്ചു.പുതുച്ചേരിയിലാണ് സംഭവം.
ഭർത്താവിനോട് പ്രതികാരം ചെയ്യാനാണ് മകളെ ഉപയോഗിച്ച് അമ്മ പീഡനകഥ കെട്ടിച്ചമച്ചത്
അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് 13-കാരി പരാതി നൽകുകയായിരുന്നു. തുടർന്ന് പുതുച്ചേരി കോടതി 2023-ൽ അച്ഛന് അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. എന്നാൽ, ശിക്ഷ അനുഭവിക്കവേ, താൻ നിരപരാധിയാണെന്നു വ്യക്തമാക്കി ഇയാൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഭാര്യയുമായി വിവാഹംമോചനം തേടി ഇയാൾ കേസ് ഫയൽ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഭർത്താവിനോട് പ്രതികാരം ചെയ്യാനാണ് മകളെ ഉപയോഗിച്ച് അമ്മ പീഡനകഥ കെട്ടിച്ചമച്ചതെന്നു കോടതിക്കു ബോധ്യപ്പെടുകയായിരുന്നു. ഇരുഭാഗത്തിന്റേയും വാദം കേട്ടശേഷമാണ് കോടതി തടവുശിക്ഷ റദ്ദാക്കാൻ ഉത്തരവിട്ടത്
