കൽപ്പറ്റ: മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. 31 ലക്ഷം രൂപയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ നടത്തിയ വാഹനപരിശോധനയിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമറിൻ ആണ് പിടിയിലായത്.
പണം ആദായ നികുതി വകുപ്പിന് കൈമാറും
ജനുവരി 25 ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സാമറിന്‍. എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് രേഖകളില്ലാതെ കടത്തിയ പണം കണ്ടെത്തിയത്. പണം കൊടുവള്ളിയിൽ ഒരാൾക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് ഇയാൾ മൊഴി നൽകി. തുടര്‍നടപടികള്‍ക്കായി പണം ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
