തിരുവനന്തപുരം: പേരും ചിത്രവും ദുരുപയോഗം ചെയ്തു വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾ തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
സത്യവിരുദ്ധമായ കാര്യങ്ങൾ താൻ പറഞ്ഞെന്ന വ്യാജേന പ്രചരിപ്പിക്കുന്നു.
ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടു ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ സത്യവിരുദ്ധമായ കാര്യങ്ങൾ താൻ പറഞ്ഞെന്ന വ്യാജേന പ്രചരിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വ്യക്തിഹത്യ നടത്തുകയും അതിലൂടെ വോട്ടർമാരെ സ്വാധീനിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് വ്യാജപ്രചാരണത്തിനു പിന്നിൽ.
അടിസ്ഥാന രഹിതമായ പ്രചാരണം നടത്തിയവർക്കെതിരെ ബിഎൻഎസ്, ഐടി ആക്ട് വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും പരാതിയിൽ വേണുഗോപാൽ ആവശ്യപ്പെട്ടു.
