തൃശൂര്‍| 64-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജനുവരി 14 ബുധനാഴ്ച തുടക്കമായി . മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലുളള പ്രധാന വേദിയിൽ മന്ത്രി പിണറായി വിജയൻ നിർവഹിച്ചു.കലയെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്കുള്ള ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മനുഷ്യനെ ഒന്നിപ്പിക്കുന്ന കലയെ ചേർത്ത് പിടിക്കണം
കലയെ മതത്തിന്റെ കണ്ണിയിൽ ഒതുക്കാൻ ശ്രമിക്കുന്നവർ ഇക്കാലത്ത് ഉണ്ട്. ഇത്തരം തിട്ടൂരങ്ങൾ കാറ്റിൽ പറത്തി ജാതിയും മതവും നോക്കാതെ കലകൾ അവതരിപ്പിക്കണം. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയുന്ന കലയെ, ഉയർത്തിപ്പിടിക്കാൻ സാധിക്കണം. മനുഷ്യനെ തമ്മിൽ അടിപ്പിക്കുന്ന ആശയങ്ങളെ തള്ളണം. മനുഷ്യനെ ഒന്നിപ്പിക്കുന്ന കലയെ ചേർത്ത് പിടിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വി. ശിവൻകുട്ടി അധ്യക്ഷനായി.
ഉദ്ഘാടനച്ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ. രാജൻ, പൊതുവിദ്യാഭ്യാസസെക്രട്ടറി ഡോ.കെ. വാസുകി, കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ ഡോ.ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചുറാണി, നടി റിയ ഷിബു എന്നിവർ മുഖ്യാതിഥികളായിരുന്നു.
പൊതു വിദ്യാഭ്യാസ ഡയറക്ടർഎൻ,എസ്.കെ ഉമേഷ് പതാക ഉയർത്തി.
രാവിലെ 9 ന് പൊതു വിദ്യാഭ്യാസ ഡയറക്ടർഎൻ,എസ്.കെ ഉമേഷ് പതാക ഉയർത്തി. ഇന്ന് പാണ്ടിമേളവും കുടമാറ്റവും നടക്കും. 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികള്‍ കുടമാറ്റത്തില്‍ അണിനിരക്കും ജനുവരി 14 മുതല്‍ 18 വരെ 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും..
