രാഹുൽ മാങ്കൂട്ടത്തെ കസ്റ്റഡിയിൽ എടുത്ത രഹസ്യ നടപടിയിൽ ചട്ട ലംഘനമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി അഡ്വ. കുളത്തൂർ ജയ്‌സിങ്

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതുതായി എടുത്ത മൂന്നാമത്തെ കേസിലെ പോലീസിന്റെ രഹസ്യ നടപടികളിൽ ചട്ട ലംഘനമുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പരാതി. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ജയിലിൽ ആക്കുമെന്ന പോലീസിന്റെ രഹസ്യ അജണ്ടയാണ് നടപ്പിലാക്കിയത്. മൊഴി പോലീസ് പഠിപ്പിച്ച് എടുത്ത കേസിൽ ആരോപണ വിധേയന് ഭാഗം വ്യക്തമാക്കുവാൻ അവസരം നൽകുന്നതിന് മുമ്പ് രഹസ്യ അറസ്റ്റ് നടത്തുകയുണ്ടായി.

കോടതി അറസ്റ്റ് തടഞ്ഞതോടെ പോലീസിൽ ചിലർ അസ്വസ്ഥരാണ്.

രാഹുൽ മാങ്കൂട്ടത്തിനെതിരെ എടുത്ത ആദ്യ രണ്ട് കേസുകളിൽ ഹൈക്കോടതി അറസ്റ്റ് വിലക്കിയിരുന്നു. പ്രസ്തുത കേസുകളിൽ രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്യുവാൻ പോലീസ് നടത്തിയ നീക്കങ്ങൾ ഫലം കണ്ടില്ല. കോടതി അറസ്റ്റ് തടഞ്ഞതോടെ പോലീസിൽ ചിലർ അസ്വസ്ഥരാണ്. മൂന്നാമത് എടുത്ത കേസിലെ പരാതി വിദേശത്ത് നിന്ന് ആഭ്യന്തര വകുപ്പിന് ഇമെയിൽ മുഖേന ലഭിച്ചതാണ്. പരാതിക്കാരിയെ അറിയാമോയെന്ന് കൂടി ആരോപണ വിധേയനോട് പോലീസ് അന്വേഷിക്കുന്നതിന് മുമ്പ് രഹസ്യ അറസ്റ്റ് നടത്തി.

പൗരന്റെ അവകാശത്തെ അട്ടിമറിക്കാൻ ശ്രമം.

പരാതിക്കാരിയെ പോലീസ് ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. പ്രായ പൂർത്തിയായവർ തമ്മിലുള്ള ലൈംഗിക പ്രവൃത്തികൾ പിന്നീട് പരാതിയായി മാറുമ്പോൾ ഇരു വിഭാഗത്തിനും ഭാഗം വ്യക്തമാക്കുവാൻ അവസരവും പരാതിയിൽ പ്രാഥമിക അന്വേഷണവും പൂർത്തിയാക്കേണ്ടതുണ്ട്. പരാതിയിൽ പറയുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയുവാൻ ആരോപണ വിധേയന് അവകാശമുണ്ട്. ഇത്തരം നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ആരോപണ വിധേയന്റെ നിയമ അവകാശങ്ങളെ അട്ടിമറിച്ച് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തെ ഇപ്പോൾ മിന്നൽ വേഗതയിലുള്ള അറസ്റ്റിന് വിധേയമാക്കിയത്. മുൻ‌കൂർ ജാമ്യ ഹർജി തടയുന്നതിനും ഇതിലൂടെ പൗരന്റെ അവകാശത്തെ അട്ടിമറിക്കുവാനുമാണ് ശ്രമം.

പോലീസിന്റെ മനുഷ്യാവകാശ അനീതികളും താല്പര്യങ്ങളും അപകടകരം

മൊഴി പഠിപ്പിച്ച് രഹസ്യ അറസ്റ്റിന് പിന്നിൽ മറഞ്ഞിരിക്കുന്ന പോലീസിന്റെ മനുഷ്യാവകാശ അനീതികളും താല്പര്യങ്ങളും അപകടകരമാണ്. നീതിന്യായ വ്യവസ്ഥിതിയെ അപ്രസക്തമാക്കി പലതും ചെയ്ത് കാണിക്കുവാൻ കഴിയുമെന്ന പോലീസ് ബോധ്യപ്പെടുത്തലാണ് ഉണ്ടായിരുന്നതെന്നും പ്രായപൂർത്തിയായവരുടെ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക പ്രവൃത്തികളിൽ കേസ് ആക്കാൻ എടുക്കുന്ന വകുപ്പുകൾ വിചാരണ വേളയിൽ വിട്ട് പോകുമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് അഭിപ്രായപ്പെട്ടു.

പൊലീസിന്റെ നിലപാടുകൾ തിരുത്തുവാൻ വേണ്ട നിർദ്ദേശം നൽകണം

കേസും അറസ്റ്റും നടത്തുവാൻ പൊലീസിന് അധികാരമുണ്ടെങ്കിലും ആരോപണ വിധേയർക്കുള്ള അവകാശം അട്ടിമറിക്കുന്നതും നിഷേധിക്കുന്നതും നിയമപരമായി അംഗീകരിക്കുവാൻ കഴിയില്ല. ഇത്തരം നിലപാടുകൾ തിരുത്തുവാൻ വേണ്ട നിർദ്ദേശം കമ്മീഷന്റെ ഭാഗത്ത് നിന്ന് ആവശ്യമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →