ശബരിമല മകരവിളക്ക്; കർശനനിർദേശവുമായി ഹൈക്കോടതി

കൊച്ചി: മകരവിളക്കിനു മുന്നോടിയായി ശബരിമലയിലും തീർഥാടനപാതയിലും തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ കർശനനിർദേശം. മകരവിളക്ക് ദിവസമായ ജനുവരി 14-ന് വെർച്വൽ ക്യൂ ബുക്കിങ് 30,000 പേർക്കായിരിക്കും. 13-ന് 35,000 പേർക്കും. 15 മുതൽ 18 വരെ തീയതികളിൽ 50,000 പേർക്കും 19-ന് 30,000 പേർക്കും വെർച്വൽ പാസ് നൽകാം. സ്‌പോട്ട് ബുക്കിങ് 5000 പേർക്കായി നേരത്തേ പരിമിതപ്പെടുത്തിയിരുന്നു.

തീയതിയും സമയവും തെറ്റിച്ചു വരുന്നവർക്ക് പ്രവേശനമില്ല.

പാസില്ലാത്തവർക്കും തീയതിയും സമയവും തെറ്റിച്ചു വരുന്നവർക്കും പ്രവേശനമില്ല. ഭക്തർക്ക് കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കണം. 13, 14 തീയതികളിൽ എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1,000 തീർഥാടകരെയും സത്രം-പുല്ലുമേട് വഴി 1500 പേരെയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് – ബെയ്ലി ബ്രിഡ്ജ് വനപാതയിലൂടെ ആരും പ്രവേശിക്കുന്നില്ലെന്ന് വനംവകുപ്പ് ഉറപ്പാക്കണം. മകരവിളക്ക് ദർശിക്കാൻ പുല്ലുമേട്ടിൽ 5000 പേരിൽ കൂടുതൽ പാടില്ല.

വൈകീട്ട് ആറുമുതൽ ഏഴുവരെ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണമുണ്ടാകും

14-ന് രാവിലെ 10- നുശേഷം നിലയ്ക്കലിൽനിന്ന് പമ്പയിലേക്കും 11-നുശേഷം പമ്പയിൽനിന്ന് സന്നിധാനത്തേക്കും തീർഥാടകരെ അനുവദിക്കില്ല. തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുന്നതിനും ശുചീകരണത്തിനുമായി ഉച്ചയ്ക്ക് 12 മുതൽ സന്നിധാനത്ത് കർശനനിയന്ത്രണമുണ്ടാകും.വൈകീട്ട് ആറുമുതൽ ഏഴുവരെ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണമുണ്ടാകും. ഓരോ സ്ഥാപനത്തിൽനിന്നും രണ്ട് അക്രഡിറ്റഡ് ജീവനക്കാർക്ക് മാത്രമായിരിക്കും അനുമതി. ക്ഷേത്രപരിസരത്ത് ട്രൈപോഡും കേബിളും അനുവദിക്കില്ല. തീർഥാടകരുടെ വേഗത്തിലുള്ള മടക്കയാത്രയ്ക്കായി പമ്പാ ഹിൽടോപ്പിൽ ആവശ്യമെങ്കിൽ പാർക്കിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും നിർദേശമുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →