തിരുവനന്തപുരം: ഹൈക്കോടതിയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും സിബിഐ അന്വേഷണം വന്നാൽ മാത്രമേ ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിലെ യഥാർഥ വിവരങ്ങൾ പുറത്തുവരികയുള്ളൂയെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു കേസാണിതെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഒരു വിദേശമലയാളി തന്നോട് ഇക്കാര്യം പറഞ്ഞപ്പോൾ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിൽ ചെന്ന് തനിക്ക് അറിയാവുന്ന വിവരങ്ങൾ പറഞ്ഞത്. അയ്യപ്പന്റെ സ്വർണം അടിച്ചുകൊണ്ടുപോയവർ നിയമത്തിന്റെ മുന്നിൽ വന്നേ മതിയാകൂ. അതുകൊണ്ടാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും സിബിഐ അന്വേഷണം വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത്.
ക്ഷേത്രങ്ങളിലെ പുരാവസ്തുക്കൾ അടിച്ചുമാറ്റാനുള്ള നീക്കം ആദ്യ പിണറായി സർക്കാരിന്റെ കാലത്തു നടന്നിരുന്നു.
സുഭാഷ് കപൂറിനെപ്പോലുള്ള ആളുകൾ ഇതിന് പിന്നിലുണ്ടോ എന്നും ഹൈക്കോടതി സംശയം പുറപ്പെടുവിച്ചിരുന്നു. ശബരിമലയിൽ മാത്രമല്ല, കേരളത്തിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ പുരാവസ്തുക്കൾ അടിച്ചുമാറ്റാനുള്ള നീക്കം ആദ്യ പിണറായി സർക്കാരിന്റെ കാലത്തു നടന്നിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ അന്ന് താൻ ഇടപെട്ട് ആ നീക്കം തടഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.
.
