തൃശൂർ : ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ സ്വന്തം ‘അമ്മ ലൈംഗികമായി പീഡിപ്പിച്ചതായി കാണിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പുനഃരന്വേഷണത്തിന് തൃശൂർ ജില്ലാ പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ഫെബ്രുവരി പതിനാലാം തീയതിയാണ് പോക്സോ ആക്ട് പ്രകാരം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ സ്വന്തം അമ്മയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ആരോപണങ്ങൾ കളവാണെന്ന് ബോധ്യമായാൽ വാദിക്ക് എതിരെ പോലീസ് നടപടി വേണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ്
കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യം പരിഗണിച്ച ഹൈക്കോടതി ആരോപണങ്ങൾ കളവാണെന്ന് ബോധ്യമായാൽ കേസ് എടുക്കുവാൻ കാരണക്കാരനായ വാദിയ്ക്ക് എതിരെ നടപടി വേണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. പ്രസ്തുത കോടതി നിർദ്ദേശം അനുപാലിച്ച് കേസിലെ വാദിക്ക് എതിരെ പോലീസ് നടപടി ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പ്രസ്തുത പരാതിയിൽ ഉചിത നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് തൃശൂർ റൂറൽ എസ് പി യ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ ആരോപണങ്ങൾ തെറ്റാണോയെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തേണ്ടത് അനിവാര്യമെന്ന് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം കണ്ടെത്തി കേസിൽ പുനഃരന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ട്.
ആവിശ്യമായ പരിശോധന നടത്താതെ കേസ് എടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണം
ഒന്നര വയസ്സ് പ്രായമുള്ള പെൺ കുഞ്ഞിനെ സ്വന്തം ‘അമ്മ ലൈംഗികമായി പീഡിപ്പിച്ചതായിട്ടുള്ള വിചിത്ര പരാതിയിൽ കേസ് എടുത്ത രീതി പോലീസ് നടപടികളിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ആവിശ്യമായ പരിശോധന നടത്താതെ കേസ് എടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ആവിശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്‌സിങ് നേരത്തെ സംസ്ഥാന പോലീസ് മേധാവിയ്ക്കും പരാതി നൽകിയിരുന്നു.
ദമ്പതികൾ തമ്മിലുള്ള കുടുംബ വഴക്കിന്റെ ഭാഗം
കുടുംബ കോടതിയിൽ വിവാഹ മോചന കേസ് ഫയൽ ചെയ്തിരുന്ന ദമ്പതികൾ തമ്മിലുള്ള കുടുംബ വഴക്കിന്റെ ഭാഗമായിട്ടാണ് ഭാര്യയെ പ്രതിയാക്കുവാൻ ഭർത്താവ് ഇത്തരത്തിലുള്ള കേസ് പോലീസിനെ തെറ്റിദ്ധരിപ്പിച്ച് എടുപ്പിച്ചിട്ടുള്ളതെന്ന ആരോപണമാണ് ഉയരുന്നത്. കേസിൽ പുനഃരന്വേഷണത്തിന്റെ ഭാഗമായി സിടി ഫയൽ അടക്കമുള്ള എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്ന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്ക് തൃശൂർ ജില്ലാ പോലീസ് മേധാവി നിർദ്ദേശവും നൽകിയിട്ടുണ്ട്.
