ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേൽനോട്ടത്തിനായി സ്ഥാപിക്കുന്ന ഹയർ എഡ്യുക്കേഷൻ കമ്മീഷൻ സംബന്ധിച്ച ബില്ല് ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. കഴിഞ്ഞദിവസം ചേർന്ന കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു.2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശത്തിന്റെ ഭാഗമായാണ് പുതിയ ബിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്.
യുജിസി,എഐസിടിഇ, എൻസിടിഇ എന്നിവയ്ക്ക് പകരമായിട്ടാണ് പുതിയ കമ്മീഷൻ
.നിലവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർവകലാശാലകളെയും നിയന്ത്രിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി), ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (എഐസിടിഇ), നാഷണൽ കൗണ്‍സിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ (എൻസിടിഇ) എന്നിവയ്ക്കെല്ലാം പകരമായിട്ടാണ് ഹയർ എഡ്യുക്കേഷൻ കമ്മീഷൻ സ്ഥാപിക്കുന്നത്. എന്നാൽ മെഡിക്കൽ, നിയമപഠനം എന്നിവ പുതിയ ചട്ടക്കൂടിനു പുറത്തായിരിക്കും.
പരസ്പരവിരുദ്ധമായ നിയമങ്ങൾ സൃഷ്ടിച്ചു
നിലവിലെ സംവിധാനം പരസ്പരവിരുദ്ധമായ നിയമങ്ങൾ സൃഷ്ടിച്ചുവെന്നതിനാൽ ഒരൊറ്റ സംവിധാനത്തിനു കീഴിൽ ഉന്നതവിദ്യാഭ്യാസം എത്തുന്പോൾ കാര്യക്ഷമത വർധിക്കുമെന്നുമാണ് കേന്ദ്രസർക്കാരിന്റെ വാദം. എന്നാൽ പുതിയ കമ്മീഷൻ രൂപകല്പന ചെയ്യുന്നതും പ്രവർത്തിക്കുന്നതും ആശ്രയിച്ചായിരിക്കും ഗുണവും ദോഷവും നിർണയിക്കാൻ സാധിക്കുന്നതെന്നാണ് എതിർവാദം.
പുചിയ സംവിധാനം ഏതുവിധത്തിൽ വിദ്യാഭ്യാസമേഖലയിൽ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.
ഇതോടൊപ്പം കമ്മീഷന്റെ നേതൃത്വം വഹിക്കുന്നത് ആര്, ഘടന, സുതാര്യത എന്നിവ പ്രധാനമാണെന്നും വാദമുണ്ട്. ഇതോടൊപ്പം പുതിയ കമ്മീഷൻ പ്രാബല്യത്തിൽ വരുന്നതോടെ സർവകലാശാലകൾക്കു നിലവിൽ സംസ്ഥാന സർക്കാരുമായുള്ള ഇടപെടലിൽ മാറ്റം വരുത്തുമെന്ന സൂചനയുമുണ്ട്. ഇത്തരത്തിലുള്ള നിയന്ത്രണ സംവിധാനം ഏതുവിധത്തിൽ വിദ്യാഭ്യാസമേഖലയിൽ പ്രതിഫലിക്കുമെന്നതും കണ്ടറിയണം.
.
