വത്തിക്കാൻ സിറ്റി: പ്രഥമ അപ്പസ്തോലിക് സന്ദർശനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ നവംബർ 27 ന് യാത്ര തിരിക്കും. തുർക്കി, ലബനൻ രാജ്യങ്ങളിലേക്കാണു ആറു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനം . ആദ്യ നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികാഘോഷത്തോ ടനുബന്ധിച്ചാണ് തുർക്കി സന്ദർശനം.
മാർപാപ്പ ഉച്ചയോടെ തുർക്കി തലസ്ഥാനമായ അങ്കാറയിൽ എത്തിച്ചേരും
27 ന് രാവിലെ റോമിലെ ലിയൊനാർദോ ദാവിഞ്ചി-ഫ്യൂ മിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു യാത്രതിരിക്കുന്ന മാർപാപ്പ ഉച്ചയോടെ തുർക്കി തലസ്ഥാനമായ അങ്കാറയിൽ എത്തിച്ചേരും. വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്കു പോകുന്ന മാർപാപ്പ പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനുമായും സർക്കാർ പ്രതിനിധികളുമായും നയതന്ത്രപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
തുടർന്ന് ഹെലികോപ്റ്ററിൽ ഇപ്പോൾ സ്നിക് എന്നറിയപ്പെടുന്ന നിഖ്യായിലേക്ക് പോകും
തുടർന്ന് വൈകുന്നേരം തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിലേക്കു പോകുന്ന മാർപാപ്പ 28 ന് അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഇപ്പോൾ സ്നിക് എന്നറിയപ്പെടുന്ന നിഖ്യായിലേക്ക് പോകും. അവിടെ പുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്ടങ്ങൾക്കു സമീപം നടക്കുന്ന എക്യുമെനിക്കൽ പ്രാർഥനയിൽ പങ്കെടുക്കും. തുടർന്ന് ഇസ്താംബൂളിലേക്ക് മടങ്ങുന്ന മാർപാപ്പ അവിടെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും
കർദിനാൾമാരായ ജോർജ് കൂവക്കാട്ട്, കർട്ട് കോഹ്, ക്ലൗദിയോ ഗുജെറൊത്തി തുടങ്ങിയവർ മാർപാപ്പയ്ക്കൊപ്പമുണ്ടാകും
29ന് ഇസ്താംബൂളിലെ ഫോക്സ്വാഗൻ അരീനയിൽ വിശുദ്ധ കുർബാന അർപ്പിക്കും. 30ന് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് പോകും. അവിടെ മാർപാപ്പയ്ക്കു തിരക്കിട്ട പരിപാടികളാണുള്ളത്. ഡിസംബർ രണ്ടിന് ഉച്ചകഴിഞ്ഞ് ബെയ്റൂട്ടിൽനിന്ന് റോമിലേക്കു മടങ്ങും. തന്റെ അജപാലക സന്ദർശനത്തിന്റെ വിജയത്തിനായി പ്രാർഥിക്കണമെന്ന് മാർപാപ്പ അഭ്യർഥിച്ചു. കർദിനാൾമാരായ ജോർജ് കൂവക്കാട്ട്, കർട്ട് കോഹ്, ക്ലൗദിയോ ഗുജെറൊത്തി തുടങ്ങിയവർ മാർപാപ്പയ്ക്കൊപ്പമുണ്ടാകും.
