കൊച്ചി: എറണാകുളത്ത് മദ്ധ്യവയസ്കനെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമറ്റം ഇരട്ടക്കാലി കൊച്ചുകുടി രാജൻ (57) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സഹോദരി ഭർത്താവ് തൊഴുത്തിങ്കൽ സുകുമാരനെ (68) പോത്താനിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 23 ഞായറാഴ്ച രാവിലെ വോട്ട് അഭ്യർത്ഥിച്ചെത്തിയവരാണ് ജനലിലൂടെ മൃതദേഹം കണ്ടത്.
വീടിന്റെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരുന്നു
മുറിയിൽ കട്ടിലിനുസമീപം നിലത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വീടിന്റെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. ജനലിലൂടെ കൈയിട്ട് രാജന്റെ വയറ്റിൽ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം.രാജൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. രാജന്റെ വീടിനുസമീപമാണ് സുകുമാരന്റെയും വീട്. ഇരുവരും ചേർന്ന് പതിവായി മദ്യപിക്കുമായിരുന്നു. 22 ശനിയാഴ്ച പകൽ ഇവർ തമ്മിൽ വഴക്കുണ്ടായതായി പറയുന്നു.
രാജന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച സംസ്കരിക്കും
