തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാൻ ശബരിമലയിലെ പാളികൾ വിട്ടുനൽകിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോർഡിലെ മറ്റംഗങ്ങൾക്കും അറിവുണ്ടായിരുന്നെന്നും അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി. ബോർഡംഗങ്ങളായിരുന്ന കെ.പി. ശങ്കരദാസും എ. വിജയകുമാറും ഇതോടെ കുരുക്കിലായി. ഇവരെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യും.
2019 കാലത്തെ തന്ത്രിക്കെതിരേയും പത്മകുമാർ മൊഴി നൽകി. തന്ത്രിയുടെ മൊഴിയും പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുള്ള നിരവധി ഉന്നതരുടെ പേരുകൾ പത്മകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്.
കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയാണ് ബോർഡ് ഈ തീരുമാനമെടുത്തതെന്ന് റിമാൻഡ് റിപ്പോർട്ടിൽ
ഉദ്യോഗസ്ഥർ നൽകിയ ഫയലിൽ തീരുമാനമെടുക്കുക മാത്രമായിരുന്നെന്ന് പത്മകുമാർ ചോദ്യംചെയ്യലിൽ ആവർത്തിച്ചു. പക്ഷേ, ബോർഡ് യോഗത്തിനുള്ള അജൻഡ നോട്ടിലെ മുപ്പതാം ഇനത്തിൽ പിത്തളയിൽ എന്ന ഭാഗം വെട്ടി സ്വന്തം കൈപ്പടയിൽ “ചെമ്പ് പാളികൾ’ എന്നെഴുതിയതും, പാളികൾ പോറ്റിക്ക് നൽകാമോയെന്ന ഭാഗത്ത് അനുവദിക്കുന്നു എന്നെഴുതി ഒപ്പിട്ടു നൽകിയതുമാണ് കുരുക്കായത്. കട്ടിളപ്പാളിയിൽ സ്വർണമുണ്ടെന്ന് അറിവുണ്ടായിരിക്കെയാണ് ഇതു ചെയ്തത്. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയാണ് ബോർഡ് ഈ തീരുമാനമെടുത്തതെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
സ്വർണക്കൊള്ളയ്ക്ക് പത്മകുമാർ ഒത്താശ ചെയ്തു
ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2019 മാർച്ച് 20ന് ദേവസ്വം സെക്രട്ടറി പോറ്റിക്ക് സ്വർണപ്പാളികൾ നൽകാൻ ഉത്തരവിറക്കി. പോറ്റിയും കൂട്ടാളികളും ചേർന്നുള്ള സ്വർണക്കൊള്ളയ്ക്ക് പത്മകുമാർ ഒത്താശ ചെയ്തെന്നും ദേവസ്വത്തിനും ശബരിമലയ്ക്കും നഷ്ടം വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്. തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐടി അപേക്ഷ നൽകും
