ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ചാടി സെന്റ് കൊളംബസ് സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂളിലെ അദ്ധ്യാപകർക്കെതിരെ നടപടി. സ്കൂളിലെ പ്രധാനാദ്ധ്യാപകനെയും മൂന്ന് അദ്ധ്യാപകരെയും സസ്പെൻഡ് ചെയ്തു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്പെൻഷൻ പ്രാബല്യത്തിൽ തുടരുമെന്ന് സ്കൂളിന്റെ പ്രിൻസിപ്പൽ റോബർട്ട് ഫെർണാണ്ടസ് അറിയിച്ചു. 2025 നവംബർ 19 ചൊവ്വാഴ്ചയാണ് 16കാരനായ ഷൗര്യ പാട്ടീൽ ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിൽ അദ്ധ്യാപകരുടെ പേര് കുട്ടി എഴുതിയിരുന്നു.
മകനെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പിതാവ്
കുട്ടിയുടെ പിതാവ് പ്രദീപ് പാട്ടീൽ നൽകിയ പരാതിയിൽ, സ്കൂളിലെ അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളുടെ പ്രധാനാദ്ധ്യാപകനായ അപരാജിത പാൽ, അദ്ധ്യാപകരായ ജൂലി വർഗീസ്, മനു കൽറ, യുക്തി അഗർവാൾ മഹാജൻ എന്നിവർ മകനെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചു.
ഏത് അന്വേഷണത്തിനും പ്രധാനാദ്ധ്യാപകനും അദ്ധ്യാപകരും ലഭ്യമായിരിക്കണം
ഏത് അന്വേഷണത്തിനും പ്രധാനാദ്ധ്യാപകനും അദ്ധ്യാപകരും ലഭ്യമായിരിക്കണമെന്നും അനുമതിയില്ലാതെ സ്കൂൾ സന്ദർശിക്കാനോ വിദ്യാർഥികളുമായോ ജീവനക്കാരുമായോ രക്ഷിതാക്കളുമായോ സംസാരിക്കാനോ കഴിയില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി
