എരുമേലി: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി. മണ്ഡല മകരവിളക്ക് സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി 500-ഓളം വരുന്ന പോലീസ് സേനാംഗങ്ങളെയും, എസ്പിഒമാരേയുമാണ് വിന്യസിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
മുഴുവൻ സേനാംഗങ്ങൾക്കും അടിയന്തര സാഹചര്യങ്ങളെ നേരിടാനുളള നിർദ്ദേശങ്ങളും പരിശീലനവും നൽകി.
കാഞ്ഞിരപ്പള്ളി മേരി ക്യൂൻ ആശുപത്രിയിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം മുഴുവൻ സേനാംഗങ്ങൾക്കും സിപിആർ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷയെക്കുറിച്ചും അടിയന്തര സാഹചര്യങ്ങളെ നേരിടേണ്ട രീതികളെക്കുറിച്ചും നിർദ്ദേശങ്ങളും പരിശീലനവും നൽകി. ഡ്യൂട്ടി പോയിന്റുകളെ കാറ്റഗറികളായി തരംതിരിച്ച് ഫൈവ് സ്റ്റാർ പ്രാധാന്യമർഹിക്കുന്ന ഡ്യൂട്ടി പോയിന്റുകളിൽ തിരഞ്ഞെടുക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയും അവർക്കായി പ്രത്യേകം മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു
