ഗവൺമെന്റ് ലാ കോളേജ് ക്ളാസ് മുറിയുടെ സീലിംഗ് തകർന്നുവീണു: സംഭവത്തില്‍ വിദ്യാർത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഗവ.ലാ കോളേജ് ക്ളാസ് മുറിയുടെ സീലിംഗ് തകർന്നുവീണു. മൂന്നാം വർഷ വിദ്യാർത്ഥികളുടെ ക്ളാസ് മുറിയുടെ മേല്‍ക്കൂരയാണ് തകർന്ന് വീണത്. ഒക്ടോബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ക്ളാസ് കഴിഞ്ഞ് വിദ്യാർത്ഥികള്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അപകടം. അതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ വിദ്യാർത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു.

150 വർഷം പഴക്കമുള്ള കെട്ടിടം

കെട്ടിടത്തിന്റെ നവീകരണത്തിനായി പലതവണ കത്ത് കൊടുത്തിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികള്‍ ആരോപിച്ചു. 150 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ അവസാന നവീകരണം നടന്നത് 10 വർഷം മുമ്പാണ്. ഇതിന് മുമ്പും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്ന് താത്കാലിക നവീകരണം മാത്രമാണ് നടത്തിയതെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. പ്ളാൻ ഫണ്ടായി 19 ലക്ഷം രൂപ എല്ലാ വർഷവും കോളേജിന് അനുവദിക്കാറുണ്ടെങ്കിലും പകുതിയും ഉപയോഗിക്കാതെ കാലഹരണപ്പെടുകയാണ്.

മഴ പെയ്താല്‍ ചോരുന്നതും വെള്ളം കെട്ടിനില്‍ക്കുന്നതുമായ ക്ലാസ്‌മുറികള്‍

900 വിദ്യാർത്ഥികളും 15 ബാച്ചുകളുമാണ് കോളേജിലുള്ളത്. എല്ലാവർക്കും ഒരുമിച്ച്‌ ക്ളാസുണ്ടാകാറുള്ള സമയത്ത് ഇരിക്കാൻ സ്ഥലമുണ്ടാകാറില്ലെന്നും വിദ്യാർത്ഥികള്‍ ആരോപിച്ചു. ചിലപ്പോള്‍ പ്രിൻസിപ്പലിന്റെ റൂം വരെ ക്ളാസ് മുറിയാക്കിയ സാഹചര്യമുണ്ടായിട്ടുണ്ട്. മഴ പെയ്താല്‍ ക്ലാസ്‌മുറികള്‍ ചോരുന്നതും വെള്ളം കെട്ടിനില്‍ക്കുന്നതും സ്ഥിരം കാഴ്ചയാണ്. പുതിയ ബില്‍ഡിംഗ് പണിതെങ്കിലും അതില്‍ രണ്ട് ക്ളാസ് മുറികള്‍ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.

പ്രശ്നത്തില്‍ അധികൃതർ ഇടപെട്ടു.

പ്രതിഷേധവുമായി വിദ്യാർത്ഥികള്‍ രംഗത്തെത്തിയതോടെ പ്രശ്നത്തില്‍ അധികൃതർ ഇടപെട്ടു. വൈകിട്ട് പി.ഡബ്ലിയു.ഡി അധികൃതർ കെട്ടിടത്തിന്റെ എസ്റ്റിമേറ്റെടുത്തു. നവംബർ 5ന് മുമ്പായി നവീകരണം നടത്തുമെന്നും വിദ്യാർത്ഥികളുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.

ഹോസ്റ്റലും ലൈബ്രറി ബില്‍ഡിംഗും സമാനം

ഹോസ്റ്റലിന്റെ പല മുറികളുടെയും കോണ്‍ക്രീറ്റ് സീലിംഗുകള്‍ ഇളകിയ നിലയിലാണ്. 40 വർഷത്തിന് മുകളില്‍ പഴക്കമുള്ള കെട്ടിടം പണ്ട് മെൻസ് ഹോസ്റ്റലായിരുന്നു. പിന്നീട് ലേഡീസ് ഹോസ്റ്റലാക്കുകയായിരുന്നു. ആ സമയം മുതലുള്ള മെയിന്റനൻസാണ് ഇപ്പോഴും ഒന്നുമാകാതെ കിടക്കുന്നത്.
സ്റ്റാഫ് മുറിയും ലൈബ്രറിയുമുള്ള ബില്‍ഡിംഗിന്റെ അവസ്ഥയും ഗുരുതരമാണ്. പല ഭാഗങ്ങളിലും വിള്ളലുകളും കല്ലുകള്‍ അടർന്നുനില്‍ക്കുന്ന അവസ്ഥയിലുമാണ്. വിദ്യാർത്ഥികള്‍ വണ്ടി പാർക്ക് ചെയ്യുന്ന സ്ഥലം കൂടിയാണിവിടം. കോളേജ് റീഡിംഗ് ഏരിയായും ലൈബ്രറിയും ഇവിടെയായതുക്കൊണ്ടുതന്നെ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം എപ്പോഴും ഇവിടെയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →