കല്ലറ: നാട്ടിൻപുറങ്ങളില്‍ കാട്ടുപന്നി ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ ശല്യത്തിനിടയ്ക്ക് തേനീച്ചകളും കടന്നലുകളും ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു.കൂറ്റൻ മരങ്ങളിലും കെട്ടിടങ്ങള്‍ക്കും മുകളില്‍ കൂടുകൂട്ടിയിരിക്കുന്ന തേനീച്ചകളെയും കടന്നലുകളെയും പിടിക്കാൻ പരിശീലനം നേടിയവരില്ലാ ത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മുൻവർഷങ്ങളിലും തേനീച്ചയുടെയും കടന്നലുകളുടെയും ആക്രമണത്തില്‍ പരിക്കേല്‍ക്കുക പതിവാണെങ്കിലും ഇത്തവണ സ്ഥിതി ഗുരുതരമാണ്. തൊഴിലുറപ്പ് സ്ഥലങ്ങളില്‍ ഉള്‍പ്പെടെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി പേർക്കാണ് കടന്നല്‍ക്കുത്തേറ്റത്. രണ്ടാഴ്ച മുമ്പ് കടന്നല്‍ക്കുത്തേറ്റ് വളർത്തുനായ ചത്തിരുന്നു.
എപ്പോള്‍വേണമെങ്കിലും ആക്രമിക്കാം
പാമ്പുകളെ പിടികൂടുന്നതുപോലെ കടന്നലുകളെ തുരത്താൻ വനംവകുപ്പിന് റെസ്‌ക്യൂ ടീമില്ല. മലയോരമേഖലയില്‍ ഉള്‍പ്പെടെ ഇവയുടെ ശല്യത്താല്‍ പൊറുതിമുട്ടുകയാണ് ജനം. വലിയ കെട്ടിടങ്ങളിലും മരങ്ങളിലും പാലങ്ങളുടെ അടിയിലുമായി ഇവ കൂട്ടമായി കൂടുകൂട്ടിയിരിക്കുകയാണ്. നിനച്ചിരിക്കാത്ത നേരത്താണ് ഇവയുടെ ആക്രമണം. ശാന്തരായി കഴിയുന്ന ഇവയെ പലപ്പോഴും പരുന്തും കാക്കകളും ശല്യം ചെയ്യുമ്ബോഴാണ് ആക്രമണകാരികളാകുന്നത്. ദേഷ്യം മുഴുവൻ സമീപത്ത് കാണുന്ന മനുഷ്യരോടും മൃഗങ്ങളോടുമായി തീർക്കും.
ആശ്രയം സ്വകാര്യ പരിശീലകർ
അപകടകാരികളായ തേനീച്ചകളുടെയും കടന്നലുകളുടെയും ശല്യം ശ്രദ്ധയില്‍പ്പെട്ട് പലഭാഗങ്ങളില്‍ നിന്ന് ബന്ധപ്പെടാറുണ്ടെന്ന് വനംവകുപ്പ് പറയുന്നു. എന്നാല്‍ സ്വകാര്യ ട്രെയിനറെ ബന്ധപ്പെടാൻ അറിയിക്കുകയാണ് ചെയ്യുന്നത്. 5000 രൂപ മുതലാണ് ഇവരുടെ സർവീസ് ചാർജ്. കൂടാതെ വാഹനത്തില്‍ കൊണ്ടുവരണം. കടന്നലുകള്‍ ഇളകിയാല്‍ പ്രദേശം മുഴുവൻ വ്യാപിക്കും. പുകശല്യം ഏറിയാലും സ്ഥിതി ഗുരുതരമാകും. കുത്തേല്‍ക്കുന്നത് മരണത്തിനുവരെ ഇടയാക്കും. പ്രതിരോധ കുത്തിവയ്പ്പാണ് രക്ഷാമാർഗം. രക്ഷപ്പെടല്‍ പ്രയാസമാണ്.
