ചെന്നൈ: കരൂരില്‍ ടിവികെ റാലിക്കിടെ ആള്‍ക്കൂട്ട ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചതിന് പിന്നാലെ ജെന്‍സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത തമിഴക വെട്രി കഴകം (ടിവികെ) ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയ്ക്കെതിരേ പോലീസ് കേസ്. തമിഴ്നാട്ടിലെ യുവതലമുറ നേപ്പാളില്‍ നടന്ന ‘ജെന്‍സി’ വിപ്ലവത്തിന് സമാനമായി ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനംചെയ്തതിനാണ് ആധവിനെതിരേ കേസെടുത്തത്. ബിഎന്‍എസിന്റെ യു/എസ് 192, 196(1)(ബി), 197(1)(ഡി), 353(1)(ബി), 353(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ദുഷിച്ച സര്‍ക്കാരിനെതിരേ പുതുതലമുറ പ്രതിഷേധവുമായി തെരുവിലിറങ്ങണം
കരൂര്‍ ദുരന്തത്തിനു പിന്നാലെ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച് പോസ്റ്റിലൂടെയായിരുന്നു ആധവിന്റെ ആഹ്വാനം. പോസ്റ്റ് പിന്നീട് നീക്കം ചെയ്‌തെങ്കിലും പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് വന്‍തോതില്‍ പ്രചരിച്ചിരുന്നു. ദുഷിച്ച സര്‍ക്കാരിനെതിരേ, അതായത് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സര്‍ക്കാരിനെതിരേ സംസ്ഥാനത്തെ പുതുതലമുറ പ്രതിഷേധവുമായി തെരുവിലിറങ്ങണം എന്നാണ് തമിഴില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലുണ്ടായിരു ന്നത്. പോലീസ് ടിവികെ പ്രവര്‍ത്തകനെ തല്ലുന്ന ദൃശ്യങ്ങള്‍ക്കൊപ്പമായിരുന്നു ആധവ് അര്‍ജുനയുടെ കുറിപ്പ്.
