ചെന്നൈ | കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ ഡി എം കെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. കേസ് സിബിഐക്ക് കൈമാറണമെന്നോ അല്ലെങ്കിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിക്കണമെന്നോ ആവശ്യപ്പെട്ട് പാർട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായി ടി വി കെ അഭിഭാഷകൻ അരൈവഴകൻ ദേശീയ മാധ്യമമായ എൻ ഡി ടി വിയോട് പറഞ്ഞു. സംഭവത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ അരൈവഴകൻ തള്ളി.
പോലീസ് ഏർപ്പെടുത്തിയ ഒരു വ്യവസ്ഥയും തങ്ങൾ ലംഘിച്ചിട്ടില്ല
റാലിക്ക് പോലീസ് ഏർപ്പെടുത്തിയ ഒരു വ്യവസ്ഥയും തങ്ങൾ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മധുര, തൃച്ചി, അരിയല്ലൂർ, തിരുവാരൂർ, നാഗപട്ടണം, നാമക്കൽ എന്നിവിടങ്ങളിൽ ഞങ്ങൾ നിരവധി പരിപാടികൾ നടത്തി. എന്നിട്ടും കരൂരിൽ ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് ചോദ്യം. ഇത് സംശയം ജനിപ്പിക്കുന്നുവെന്നും അരൈവഴകൻ പറഞ്ഞു.
സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തിൽ ടി.വി.കെ. ജനറൽ സെക്രട്ടറി എൻ. ആനന്ദ്, ജോയിൻ്റ് ജനറൽ സെക്രട്ടറി നിർമ്മൽ കുമാർ, കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയാഴകൻ എന്നിവർക്കെതിരെ കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
