സുൽത്താൻ ബത്തേരി: കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങാൻ കടയിൽ നേരിട്ടെത്തി പ്രിയങ്കാ ഗാന്ധി എംപി. അങ്കണവാടിയുടെ ഉദ്‌ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ച് ചോദിച്ചു. ഓരോ കുട്ടിയും അവരുടെ ഇഷ്ടം പറഞ്ഞതൊക്കെ ഓരോരുത്തരുടെ പേരും അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടവും കുറിച്ചു വെച്ചു. തുടർന്ന് നേരിട്ടെത്തി വാങ്ങിക്കുകയായിരുന്നു.കുട്ടികളോടൊപ്പം കളിച്ചും മിഠായി വിതരണം ചെയ്തും ഉല്ലസിച്ചാണ് പ്രിയങ്ക ഗാന്ധി അങ്കണവാടിയിൽ നിന്നിറങ്ങിയത്. പ്രദേശവാസികളായ കുട്ടികൾ നാടൻ പാട്ടിനൊപ്പവും അവർ ചേർന്നു.
വരിപ്ര സ്മാർട്ട് അങ്കണവാടിയുടെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്കാ ഗാന്ധി.
അമ്പലവയൽ പഞ്ചായത്തിൽ വരിപ്ര സ്മാർട്ട് അങ്കണവാടിയുടെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്കാ ഗാന്ധി. അവിടെ നിന്ന് ഇറങ്ങി യാക്കോബായ മെത്രാപ്പൊലീത്തയെ സന്ദർശിച്ചതിന് ശേഷം ബത്തേരി ടൗണിലെ ഒരു കളിപ്പാട്ടക്കടയിൽ നിർത്തി. അവിടെ ഓരോ കുട്ടികളും പറഞ്ഞ കളിപ്പാട്ടം സ്വയം തിരഞ്ഞെടുത്ത് അവർക്കെത്തിക്കാൻ നിർദ്ദേശം നൽകിയാണ് പോയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ പഞ്ചായത്ത് അംഗം സീത വിജയൻ, എം.യു. ജോർജ്ജ്, എം.സി. കൃഷ്ണകുമാർ സി. ജെ. സെബാസ്റ്റ്യൻ, സി.ഡി.പി.ഒ. ആൻ ഡാർളി തുടങ്ങിയവർ ഉദ്‌ഘാടനത്തിൽ പങ്കെടുത്തു.
