മൂന്നുലക്ഷം രൂപയോളം വില വരുന്ന 81 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ

കോഴിക്കോട്: ബെം​ഗളൂരുവിൽനിന്ന്‌ കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ .മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസി(20)നെയാണ് താമരശ്ശേരി ചുങ്കത്തിന് സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നു 81 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മൂന്നുലക്ഷം രൂപയോളം വില വരുമെന്ന് അധികൃതർ വ്യക്തമാക്കി.

മൊത്ത കച്ചവടക്കാരിൽനിന്നു വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തുന്നയാളാണ്

സെപ്തംബർ 13 ശനിയാഴ്ച ഉച്ചയോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ. ബെം​ഗളൂരുവിലെ മൊത്ത കച്ചവടക്കാരിൽനിന്നു വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തുന്നയാളാണ് അനസെന്ന് പോലീസ് പറയുന്നു. ഒരു വർഷമായി ബെം​ഗളൂരുവിൽ കഫെ ഷോപ്പിൽ ജോലി ചെയ്തുവരികയാണ് ഇയാൾ.

നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈഎസ്പി കെ. സുഷീർ എന്നിവരുടെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്ഐ രാജീവ് ബാബു, താമരശ്ശേരി എസ്ഐമാരായ വി.കെ. റസാക്ക്, എം. അബ്ദു, സ്പെഷ്യൽ സ്ക്വാഡ് എഎസ്ഐമാരായ ഷാജി വി.വി., വി.സി. ബിനീഷ്, എസ്സിപിഓമാരായ എൻ.എം. ജയരാജൻ, പി.പി ജിനീഷ്, ഇ.കെ. അഖിലേഷ്, പി.കെ. ലിനീഷ്, കെ.രമ്യ, ടി.പി. പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →