പാലക്കാട്: . ‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ആരോപണങ്ങൾ പറയുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. അവർ എന്തുകൊണ്ട് പോലീസിൽ പരാതിപ്പെടുന്നില്ലെന്നും ശ്രീകണ്ഠൻ ചോദിച്ചു. പരാതി ഉന്നയിച്ച സ്ത്രീകളെയും വി.കെ. ശ്രീകണ്ഠൻ അപമാനിച്ചു. അർധവസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നില്ലേ എന്നായിരുന്നു എംപിയുടെ ചോദ്യം.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ നടക്കുന്നത് രാഷ്ട്രീയവേട്ടയാണെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.
ആരോപണം ഉന്നയിച്ച വ്യക്തിപോലും രേഖാമൂലം പരാതി നൽകിയിട്ടില്ല.
”ചാറ്റുകളുണ്ട്, പലരുടെയും വെളിപ്പെടുത്തലുകളുണ്ട്, പക്ഷേ, അവരാരും പരാതിക്കാർ അല്ലല്ലോ. ഏതെങ്കിലും സ്റ്റേഷനിൽ പരാതി കൊടുത്തോ. ആരോപണം ഉന്നയിച്ച വ്യക്തിപോലും രേഖാമൂലം പരാതി നൽകിയിട്ടില്ല. രാഹുലിന്റെ ഓഡിയോ ആണെന്ന് പറയാൻ നിങ്ങൾ ആരാണ് ഫോറൻസിക് വിദഗ്ധരോ? എഐ വീഡിയോ പോലും ഇക്കാലത്ത് ഇറക്കാമല്ലോ. ഇപ്പോൾ പുറത്ത് വന്ന കാര്യങ്ങൾ ഓരോരുത്തരുടെ വെളിപ്പെടുത്തലാണല്ലോ. ഓരോ മീഡിയയിൽ പറഞ്ഞതാണ്. അവരുടെ രാഷ്ട്രീയ പശ്ചാത്തലം പുറത്തുവന്നിട്ടില്ല. ഗൂഢാലോചനയുണ്ടോ എന്നറിയില്ല. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഈ ആരോപണം പറഞ്ഞവർ അർദ്ധവസ്ത്രം ധരിച്ചുള്ള ഫോട്ടോകൾ പുറത്തുവന്നത്. എന്താ അതിന്റെയൊക്കെ പിന്നിൽ? ആരുണ്ട്, എന്തുണ്ട് എന്നൊക്കെ ആന്വേഷിച്ചാൽ സത്യം പുറത്ത് വരും.”- വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
