ന്യൂഡൽഹി: പേവിഷബാധ മരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ഭാര്യ റിതിക സജ്ദേഹ. ആളുകളെ കടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം മൃഗങ്ങളെമുഴുവനായി കൂട്ടിലടയ്ക്കുന്നത് അതിനുള്ള പരിഹാരമല്ലെന്ന് റിതിക ഇന്‍സ്റ്റഗ്രാംമിൽ കുറിച്ചു.
അവര്‍ ഭീഷണിയായി കാണുമ്പോള്‍ തങ്ങള്‍ ഹൃദയമിടിപ്പായാണ് കാണുന്നത്
നായ്ക്കളെ അവര്‍ ഭീഷണിയായി കാണുമ്പോള്‍ തങ്ങള്‍ ഹൃദയമിടിപ്പായാണ് കാണുന്നതെന്നും തെരുവുനായകൾക്കായി ശബ്ദമുയർത്തൂവെന്നും റിതിക അഭിപ്രായപ്പെട്ടു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റിതികയുടെ പ്രതികരണം. അവ വെറും തെരുവുനായകളല്ല. നിങ്ങളുടെ ചായക്കടയ്ക്ക് പുറത്ത് ഒരു ബിസ്‌കറ്റിന് വേണ്ടി കാത്തുനില്‍ക്കുന്നവരാണ്. രാത്രിയിലെ കാവല്‍ക്കാരാണ്. റിതിക കുറിച്ചു.
ഇന്ന് നായകളാണ്. നാളെ ആരാകും ?.
ഡല്‍ഹിയിലെയും പ്രാന്തപ്രദേശങ്ങളിലെയും തെരുവുനായകളെയെല്ലാം പിടികൂടി ദൂരേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി പറയുന്നത്. സൂര്യപ്രകാശമില്ല, സ്വാതന്ത്ര്യമില്ല. അവയെ പരിചരിക്കുന്നത് അപരിചിതരായിരിക്കും. വന്ധ്യംകരിക്കാനുള്ള പദ്ധതികള്‍, വാക്‌സിനേഷന്‍ ഡ്രൈവുകള്‍ തുടങ്ങിയവയാണ് ഇതിനുള്ള പരിഹാരനടപടികള്‍. അല്ലാതെ കൂട്ടിലടക്കുന്നതല്ല. ശബ്ദമില്ലാത്തവരെ സംരക്ഷിക്കാന്‍ സാധിക്കാത്ത സമൂഹം ആത്മാവ് നഷ്ടപ്പെടുന്ന സമൂഹമാണ്. ഇന്ന് നായകളാണ്. നാളെ ആരാകും ?. റിതിക ചോദിച്ചു.
