യുഎസ് യുദ്ധക്കപ്പൽ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് : തടഞ്ഞ് ഇറാന്‍ നാവികസേന

ടെഹ്‌റാന്‍: ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച യു.എസ്. യുദ്ധക്കപ്പലിനെ ഇറാന്‍ നാവികസേന തടഞ്ഞതായി റിപ്പോര്‍ട്ട്. ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാനുള്ള യു.എസ്. യുദ്ധക്കപ്പലിന്റെ ശ്രമത്തെ ഇറാനിയന്‍ നാവികസേനയുടെ ഹെലിക്കോപ്റ്ററാണ് തടഞ്ഞത്. ഇറാനിയന്‍ സ്റ്റേറ്റ് ടിവി ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്റെ സമുദ്രാതിർത്തിയിൽ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നൽകി

2025 ജൂലൈ 23 ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിയോടെ സമുദ്രാതിർത്തിയിലേക്ക് അടുത്ത യു.എസ്.എസ്. ഫിറ്റ്സ്ജെറാൾഡ് എന്ന യു.എസ്. നാവികസേനയുടെ കപ്പലിനെ നേരിടാൻ ഇറാനിയൻ സൈന്യം ഹെലികോപ്റ്റർ അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഹെലികോപ്റ്റർ യു.എസ്. കപ്പലിന് മുകളിലൂടെ പറക്കുകയും സമുദ്രാതിർത്തിയിൽ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രദേശം വിട്ടുപോയില്ലെങ്കിൽ ഇറാനിയൻ വിമാനത്തെ ലക്ഷ്യമിടുമെന്ന് യു.എസ്. യുദ്ധക്കപ്പൽ ഭീഷണിപ്പെടുത്തി.

പിന്നാലെ യു.എസ് കപ്പൽ പിൻവാങ്ങിയതായി റിപ്പോർട്ട്

ഈ ഭീഷണിക്ക് മറുപടിയായി ഹെലികോപ്റ്റർ ഇറാന്റെ സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പൂർണ്ണ സംരക്ഷണയിലാണെന്ന് ഇറാനിയൻ വ്യോമ പ്രതിരോധ സേന അറിയിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. പിന്നാലെ യു.എസ് കപ്പൽ പിൻവാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →