ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ തകര്‍ന്നുവീണ ബോയിങ് വിമാനത്തിന്റെ ഒരു എന്‍ജിന്‍ മാറ്റി പുതിയത് വെച്ചിരുന്നുവെന്ന് എയര്‍ ഇന്ത്യ. 2025 മാര്‍ച്ചിലായിരുന്നു വിമാനത്തിന്റെ വലതുവശത്തെ എന്‍ജിന്‍ മാറ്റിവെച്ചത്. ഇടതുവശത്തെ എന്‍ജിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഏപ്രില്‍ മാസത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നുവെന്നും എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കാംപ്‌ബെല്‍ വില്‍സണ്‍ അറിയിച്ചു. വിമാനം കൃത്യമായ ഇടവേളയില്‍ പരിശോധിച്ചിരുന്നതായും അദ്ദേഹം ഉപഭോക്താക്കള്‍ക്ക് അയച്ച തുറന്ന കത്തില്‍ വിശദീകരിക്കുന്നു.
വിമാനത്തിലോ, അതിന്റെ എന്‍ജിനുകളിലൊ യാതൊരു സാങ്കേതിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല ; പൈലറ്റുമാര്‍ പരിചയ സമ്പന്നരായിരുന്നു
അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനരഹിതമായതുകൊണ്ടാണ് എന്ന വാദം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്ക് തുറന്നകത്തുമായി എയര്‍ ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്..വിമാനത്തിന്റെ പ്രവര്‍ത്തനത്തെ പറ്റിയുള്ള സമ്പൂര്‍ണ പരിശോധന 2023 ജൂണിലാണ് അവസാനം നടത്തിയത്. അടുത്ത ഘട്ട പരിശോധന ഡിസംബറില്‍ നടക്കാനിരിക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നു.പറന്നുയരുന്നതിന് മുമ്പ് വിമാനത്തിലോ, അതിന്റെ എന്‍ജിനുകളിലൊ യാതൊരു സാങ്കേതിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും അതിലെ പൈലറ്റുമാര്‍ പരിചയ സമ്പന്നരായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.
എല്ലാ ബോയിങ് 787 വിമാനങ്ങളിലും ടേക്ക് ഓഫിന് മുമ്പ് കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കും
അപകടത്തെ തുടര്‍ന്ന് എല്ലാ ഡ്രീംലൈനര്‍ വിമാനങ്ങളിലും കര്‍ശന സുരക്ഷാ പരിശോധന നടത്തിയതായും എല്ലാ വിമാനങ്ങളും യാത്രയ്ക്ക് അനുയോജ്യമാണെന്നും കാംപ്‌ബെല്‍ വില്‍സണ്‍ പറയുന്നു. എന്നിരുന്നാലും എല്ലാ ബോയിങ് 787 വിമാനങ്ങളിലും ടേക്ക് ഓഫിന് മുമ്പ് കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഈ പരിശോധനകള്‍ ജൂലൈ പകുതി വരെ തുടരുമെന്നും അദ്ദേഹം. വ്യക്തമാക്കി.
വ്യോമപാത അടച്ചതാണ് സര്‍വീസുകള്‍ വ്യാപകമായി ക്യാന്‍സല്‍ ചെയ്യുന്നതിന് കാരണം
പരിശോധനകള്‍ക്ക് എടുക്കുന്ന സമയം മൂലവും മിഡിൽ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കാരണം വ്യോമപാത അടച്ചതുമാണ് സര്‍വീസുകള്‍ വ്യാപകമായി ക്യാന്‍സല്‍ ചെയ്യുന്നതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. അഹമ്മദാബാദ് ദുരന്തത്തിന് ശേഷം എയര്‍ ഇന്ത്യയുടെ 66 ഡ്രീംലൈനര്‍ വിമാന സര്‍വീസുകളാണ് ക്യാന്‍സല്‍ ചെയ്യപ്പെട്ടത്. അപകടത്തിന്റെ അന്ന് 22 വിമാനങ്ങളും ക്യാന്‍സല്‍ ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് എയര്‍ ഇന്ത്യ വിശദീകരണം നല്‍കുന്നത്.
.
