അയ്യംപുഴ പഞ്ചായത്തില്‍ 90 കുടുംബങ്ങള്‍ക്കുളള പട്ടയം ഉടന്‍ ലഭ്യമാകും : റോജി എം.ജോണ്‍ എംഎല്‍എ

കാലടി: അയ്യംപുഴ പഞ്ചായത്തില്‍ പാണ്ടുപാറ പ്രദേശത്ത് 90 കുടുംബങ്ങള്‍ക്ക് പട്ടയം ഉടന്‍ ലഭ്യമാകുമെന്ന് റോജി എം.ജോണ്‍ എംഎല്‍എ അറിയിച്ചു. സാങ്കേതിക തടസങ്ങളാല്‍ പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതെ ദുരിതാവസ്ഥയിലായ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രശ്ന പരിഹാരം ഉണ്ടാകുന്നത്. അയ്യംപുഴ വില്ലേജിലെ 189 മുതല്‍ 197 വരെയും, 200 മുതല്‍ 214 വരെയുമുള്ള സര്‍വേ നമ്പര്‍, റീ-സര്‍വേ നമ്പറുകള്‍ ബിടിആറില്‍ സര്‍ക്കാര്‍-വനം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് നീക്കി പുറമ്പോക്ക് എന്ന് മാറ്റി ഉത്തരവായിരുന്നതാണ്.

അങ്കമാലിയില്‍ ചേര്‍ന്ന ഭൂമി പതിവ് കമ്മിറ്റി പട്ടയം നല്‍കുന്നതിന് ശുപാര്‍ശ ചെയ്തു

ഇന്നലെ(ജൂൺ 18) എംഎല്‍എയുടെ അധ്യക്ഷതയില്‍ അങ്കമാലിയില്‍ ചേര്‍ന്ന ഭൂമി പതിവ് കമ്മിറ്റി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ 90 ഓളം അപേക്ഷകളില്‍ എത്രയും വേഗം പട്ടയം നല്‍കുന്നതിന് ശുപാര്‍ശ ചെയ്തു. ഏറ്റവും ഏടുത്ത് നടത്തുന്ന ജില്ലാതല പട്ടയ മേളയില്‍ തന്നെ ഭൂവുടമകള്‍ക്ക് പട്ടയം വിതരണ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

റീ-സര്‍വേ സമയത്തെ പിശക്
.
റീ-സര്‍വേ സമയത്തെ പിശക് മൂലം പട്ടയം അനുവദിക്കുന്ന നടപടികള്‍ യഥാസമയം പൂര്‍ത്തീകരിച്ചിരുന്നില്ല. വിഷയം റോജി എം. ജോണ്‍ എംഎല്‍എ റവന്യു വകുപ്പ് മന്ത്രി വിളിച്ച്‌ ചേര്‍ത്ത റവന്യു അസംബ്ലിയില്‍ നിരവധി തവണ ഉന്നയിക്കുകയും പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, ഇത് പ്രത്യേകമായി പരിശോധിക്കാന്‍ ലാന്‍റ് റവന്യു കമ്മീഷണറോടും, ജില്ലാ കളക്ടറോടും ആവശ്യപ്പെടുകയും തുടര്‍ന്ന് കൈവശക്കാരില്‍ നിന്ന് വ്യക്തിഗത അപേക്ഷകള്‍ കൈപ്പറ്റി തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ വരികയുമാണ്.

യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ തങ്കച്ചന്‍, പഞ്ചായത്ത് പ്രസിഡന്‍റ് പി.യു. ജോമോന്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ അനിമോള്‍ ബേബി, ശാരദാ മോഹന്‍, ടി.ഡി. സ്റ്റീഫന്‍, ആലുവ തഹസില്‍ദാര്‍ വി. ഡിക്സി ഫ്രാന്‍സിസ് ഉള്‍പ്പെടെ മറ്റ് റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →