ഡൽഹി : ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായി അർമേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്ന് പുറപ്പെട്ട ആദ്യവിമാനം ഡെൽഹിയിലെത്തി. 110 ഇന്ത്യാക്കാരാണ് ആദ്യ വിമാനത്തിലുള്ളത്. ജമ്മു കശ്മീർ സ്വദേശികളാണ് ഇവരില്‍ കൂടുതലും. തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിമാനതാവളത്തില്‍ എത്തിയിട്ടുണ്ട്. ആദ്യ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരമെന്നാണ് നോർക്ക വ്യക്തമാക്കിയത്. ടെഹ്റാനില്‍ നിന്നും 12 മലയാളി വിദ്യാർത്ഥികള്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർ വരും ദിവസങ്ങളില്‍ മടങ്ങിയേക്കുമെന്നാണ് സൂചന.
ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു.
ഇസ്രയേല്‍ – ഇറാൻ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ഊർജിതമാക്കിയിരിക്കുക യാണ് ഇന്ത്യ. ടെഹ്റാനില്‍നിന്നും ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. ചിലർ സ്വമേധയാ ടെഹ്റാനില്‍നിന്നും വിവിധ അതിർത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും.ഒഴിപ്പിക്കലിന് തുർക്ക്മിനിസ്ഥാൻ്റയും അസർബൈജാൻ്റയും പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്.
ഇസ്രയേലില്‍നിന്ന് 25000 ഓളം ഇന്ത്യക്കാരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരും
അതേസമയം സ്ഥിതി ഇനിയും വഷളാവുകയാണെങ്കില്‍ ഇസ്രയേലില്‍നിന്ന് 25000 ഓളം ഇന്ത്യക്കാരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. ഇസ്രയേല്‍ വിടാൻ താല്‍പര്യമുള്ളവർക്ക് അതിർത്തി കടക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡർ അറിയിച്ചിരുന്നു.
ഇസ്രയേല്‍ വിടാൻ താല്‍പര്യമുള്ളവർ എംബസിയില്‍ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് ഇ-വിസക്കുള്ള അപേക്ഷ നല്‍കാൻ ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. പതിനായിരം പേരെ ഇറാനില്‍ നിന്ന് ഒഴിപ്പിക്കേണ്ടി വന്നാല്‍ സമീപകാലത്ത് ഇന്ത്യ നടത്തുന്ന വലിയ ഒഴിപ്പിക്കല്‍ ദൗത്യമായിരിക്കും ഇത്
