ടെല്‍ അവീവ്: ഇറാന് തലസ്ഥാനമായ ടെഹ്റാന് അടക്കമുള്ള മേഖലയുടെ വ്യോമപരിധി പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ പ്രതിരോധസേന. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും പ്രതിരോധസേന തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധം നാലാംദിനത്തിലും രൂക്ഷമായി തുടുരുന്നതിനിടെയാണ് ഇസ്രയേല്‍ പ്രതിരോധസേനയുടെ അവകാശവാദം.
ഇറാന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിപക്ഷവും തകര്‍ത്തതായി ഇസ്രയേല്‍ സേന .
.ജൂൺ 15 ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലര്‍ച്ചെയുമായി 65 ബാലിസ്റ്റിക് മിസൈലുകളും ഡസണ്‍ കണക്കിന് ഡ്രോണുകളുമാണ് ഇറാന് ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്.ഇതില്‍ ഭൂരിപക്ഷവും തകര്‍ത്തതായും ഇസ്രയേല്‍ സേന പറഞ്ഞു. എന്നാല്‍ മൂന്നിടങ്ങളില്‍ ഇറാന് മിസൈലുകള്‍ പതിച്ചതിനെത്തുടര്‍ന്ന് എട്ട് പേര് കൊല്ലപ്പെട്ടതായും അവര്‍ സ്ഥിരീകരിച്ചു.
മിസൈല്‍ സംഭരണ കേന്ദ്രങ്ങളും, കമാന്‍ഡ് സെന്ററുകളും കണ്ടെത്തി ആക്രമിച്ചു
വിക്ഷേപിക്കുന്നതിന് മുമ്പേ ഇറാനില്‍ വെച്ച് തന്നെ ഇസ്രയേല്‍ വ്യോമസേന ഒറ്റരാത്രിയില്‍ 20 ബാലിസ്റ്റിക് മിസൈലുകള്‍ ഒരേസമയം തകര്‍ത്തുവെന്നും ഐഡിഎഫ് വക്താവ് എഫീ ഡെഫ്രിന്‍ പറഞ്ഞു. ഏകദേശം 50 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് മിസൈല്‍ സംഭരണ കേന്ദ്രങ്ങളും, മിസൈലുകള്‍ വിക്ഷേപിക്കാന്‍ ഇറാനിയന്‍ സൈനികര്‍ ഒത്തുകൂടിയ കമാന്‍ഡ് സെന്ററുകളും കണ്ടെത്തി ആക്രമിച്ചതായും ഐഡിഎഫ് പറയുന്നു
