ലഖ്നൗ: കഴിഞ്ഞ വർഷം അയോധ്യയിൽ രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനിടെ പ്രസാദം വീട്ടിലെത്തിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആറു ലക്ഷത്തിലധികം ഭക്തരെ കബളിപ്പിച്ച സംഭവം കണ്ടെത്തി അയോധ്യ പോലീസ്. സംഭവത്തിൽ 3.85 കോടി രൂപയുടെ സൈബർ തട്ടിപ്പാണ് . പോലീസ് കണ്ടെത്തിയത്.അമേരിക്കയിൽ താമസിക്കുന്ന ഗാസിയാബാദ് സ്വദേശിയായ ആശിഷ് സിങ്ങാണ് തട്ടിപ്പിനു പിന്നിലെ മുഖ്യസൂത്രധാരൻ.രാം ലല്ലയുടെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രസാദം, രാമക്ഷേത്രത്തിന്റെ മാതൃക, ഒരു സ്വർണ്ണനാണയം എന്നിവ സൗജന്യമായി വീട്ടിലെത്തിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്ത് ഒരു വെബ്‌സൈറ്റ് രൂപീകരിച്ചായിരുന്നു തട്ടിപ്പ്.
ഇരകളിൽനിന്ന് പണം സ്വീകരിക്കാൻ വിവിധ പേയ്‌മെന്റ് ഗേറ്റ്‌വേകള്‍ ഉപയോഗിച്ചു
പ്രസാദവും മറ്റ് വസ്തുക്കളും എത്തിച്ചുനൽകുന്നതിന് ആശിഷ് ഇന്ത്യക്കാരിൽനിന്ന് 51 രൂപയും വിദേശ ഉപഭോക്താക്കളിൽനിന്ന് 11 ഡോളറും ഈടാക്കി. ആറു ലക്ഷത്തിലധികം ഭക്തരാണ് ഈ വലയിൽ വീണത്. ആർക്കും ഒന്നും ലഭിച്ചതുമില്ല. പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ആശിഷ് പിടിയിലായത്. ഇരകളിൽനിന്ന് പണം സ്വീകരിക്കാൻ വിവിധ പേയ്‌മെന്റ് ഗേറ്റ്‌വേകള്‍ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.
കബളിപ്പിക്കപ്പെട്ടവർക്ക് പണം തിരികെ നൽകാൻ ശ്രമിക്കുകയാണ് പോലീസ്
തട്ടിപ്പിനെ കുറിച്ച് ഒട്ടേറെ പേർ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ജനുവരി 17-നാണ് സംഭവം പുറത്തുവന്നതെന്ന് അയോധ്യ പോലീസ് മേധാവി ഗൗരവ് ഗ്രോവർ പറഞ്ഞു. കബളിപ്പിക്കപ്പെട്ടവർക്ക് പണം തിരികെ നൽകാൻ പോലീസ് ശ്രമിക്കുകയാണ്. 3.72 ലക്ഷത്തിലധികം ഇരകൾക്ക് ഏകദേശം രണ്ടു കോടി രൂപ തിരികെ നൽകിയെന്ന് പൊലീസ് പറയുന്നു
