തിരുവനന്തപുരം: പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മോഷണക്കുറ്റം ആരോപിച്ച് അനധികൃതമായി കസ്റ്റഡിയില്‍ വെച്ച സംഭവം പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍ അന്വേഷിക്കും. തിരുവനന്തപുരം ജില്ലയ്ക്കു പുറത്ത് ജോലിചെയ്യുന്ന ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.. സ്വര്‍ണം മോഷണംപോയെന്ന പരാതിയിലാണ് നെടുമങ്ങാട് സ്വദേശിനിയായ ബിന്ദുവിനെ പോലീസ് മാനസികമായി പീഡിപ്പിച്ചത്. ബിന്ദുവിനെ 20 മണിക്കൂര്‍ പോലീസ് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത് ജിഡിയില്‍ രേഖപ്പെടുത്തിയില്ല
മാലമോഷണം ആരോപിച്ച് നെടുമങ്ങാട് സ്വദേശിയായ ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത് ജിഡിയില്‍ രേഖപ്പെടുത്തിയില്ലെന്നും തുടര്‍നിയമ നടപടികള്‍ പാലിച്ചില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. സ്വർണ മാല മോഷണം പോയന്ന ഓമനാ ഡാനിയേലെന്ന സ്ത്രീയുടെ പരാതിയിലാണ് പോലീസ് ബിന്ദുവിനെ സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍ ഓമനാ ഡാനിയേലിന്റെ പരാതിയില്‍ തത്കാലം അന്വേഷണമില്ല.
ആറ് പോലീസുകാര്‍ക്കെതിരേയാണ് ബിന്ദു മൊഴിനല്‍കിയിട്ടുള്ളത്
കുടിവെള്ളവും ഭക്ഷണവുംപോലും കൊടുത്തില്ലെന്നും അസഭ്യം പറയുകയും മോശമായി പെരുമാറിയെന്നുമാണ് ബിന്ദുവിന്റെ പരാതി. ആറ് പോലീസുകാര്‍ക്കെതിരേയാണ് ബിന്ദു മൊഴിനല്‍കിയിട്ടുള്ളത്. സംഭവത്തില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എസ്ഐ പ്രസാദിനെയും എഎസ്ഐ പ്രസന്നകുമാറിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു
