ആലപ്പുഴ: വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍. ഇടതുപക്ഷസര്‍ക്കാരില്‍നിന്ന് ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എന്‍.ജി.ഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തിലായിരുന്നു സുധാകരന്റെ പരസ്യവിമര്‍ശനം.
ആ എം.എല്‍.എ പഠിച്ചത് നമ്മുടെ പുസ്തകമല്ല.
ഒരു എം.എല്‍.എ സര്‍ക്കാര്‍ ഓഫീസില്‍ കയറി കാണിച്ചത് കണ്ടില്ലേ. നക്‌സല്‍ വരുമെന്നാണ് ഭീഷണി. നക്‌സലിസം നമ്മള്‍ അംഗീകരിക്കുന്നതാണോ? എംഎല്‍എ എന്ന പദവിയില്‍ വല്ലാതെ അഭിരമിക്കുന്നു, അയാള്‍. ഇത് പ്രമാണിമാരുടെ സംസ്‌കാരമാണ്, നമ്മുടെ സംസ്‌കാരമല്ല. ആ എം.എല്‍.എ പഠിച്ചത് നമ്മുടെ പുസ്തകമല്ല. എന്നാല്‍ നില്‍ക്കുന്നത് നമ്മുടെകൂടെ- സുധാകരന്‍ പറഞ്ഞു.
മനുഷ്യന് ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്ന് ജനീഷ്‌കുമാര്‍.
ശനിയാഴ്ച കുളത്തുമണ്ണില്‍ സ്വകാര്യ തോട്ടത്തില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ ചോദ്യംചെയ്യാന്‍ ഒരാളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് എംഎല്‍എ വനംവകുപ്പിന്റെ പാടം ഓഫീസിലെത്തിയത്. നിയമപരമല്ലാതെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ആക്ഷേപിച്ചാണ് ഓഫീസിലെത്തി എംഎല്‍എ ഉദ്യോസ്ഥരോട് തട്ടിക്കയറിയത്. കത്തിക്കുമെന്നും രണ്ടാമതും ഇവിടെ നക്‌സലുകള്‍ വരുമെന്നും മനുഷ്യന് ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്നും ജനീഷ്‌കുമാര്‍ പറഞ്ഞു.
തലപോയാലും ജനങ്ങള്‍ക്കൊപ്പമാണെന്ന് എംഎൽഎ
കഴിഞ്ഞ ശനിയാഴ്ച, കോന്നി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍വരുന്ന കുളത്തുമണ്‍ എന്ന സ്ഥലത്ത് സ്വകാര്യ തോട്ടത്തില്‍വെച്ച് 10 വയസ് പ്രായം തോന്നിക്കുന്ന കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തോട്ടം ഉടമയ്‌ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ഈ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ സുഹൃത്ത് തമിഴ്‌നാട് സ്വദേശി വാസുവിനെ ചോദ്യം ചെയ്യലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിരുന്നു. ഇതറിഞ്ഞാണ് എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും എത്തിയത്.
ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലാണ് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന ജനീഷ് കുമാര്‍ ഫേയ്‌സ്ബുക്കില്‍ കുറിപ്പില്‍ വ്യക്തമാക്കി. തലപോയാലും ജനങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു
.
