തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ന് (മെയ് ഏഴിന്) കേരളത്തിലെ 14 ജില്ലകളിലും സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിപ്പ് നല്‍കി . ഇന്നു വൈകുന്നേരം നാലുമണിക്കായിരിക്കും മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങള്‍ വിലയിരുത്തും. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിര്‍ദ്ദേശം നല്‍കി.
മോക്ക് ഡ്രിലിന്റെ മുന്നൊരുക്കങ്ങള്‍; ചീഫ് സെക്രട്ടറി യോഗം വിളിച്ചു
.
സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രിലിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര, റവന്യൂ, ആരോഗ്യ കുടുംബക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍, ദുരന്തനിവാരണ സ്‌പെഷ്യല്‍ സെക്രട്ടറിയും കമ്മീഷണറും, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍മാര്‍, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.
