മലപ്പുറം : മലപ്പുറം ജില്ലയിൽ പെരുവളളൂരിൽ പേവിഷബാധമൂലം പെൺകുട്ടി മരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിിച്ചു.
1.തെരുവുമൃഗങ്ങള്‍ മാത്രമല്ല, വീടുകളില്‍ വളർത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ, മാന്തുകയോ ചെയ്താല്‍ പോലും പേവിഷബാധ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
- ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഉടൻ തന്നെ മുറിവ് പറ്റിയ ഭാഗം 15 മിനിറ്റ് ധാരയായി ഒഴുകുന്ന, ടാപ്പ് തുറന്നു വിട്ട വെള്ളത്തിലോ കപ്പില്‍ കോരി ഒഴിക്കുന്ന വെള്ളത്തിലോ സോപ്പ് ഉപയോഗിച്ച് കഴുകണം. മുറിവ് കെട്ടി വയ്ക്കാൻ പാടില്ല.
- എത്രയും വേഗം അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം/താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസറെ കാണിക്കുകയും പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിൻ കുത്തിവയ്പ്പ് ആരംഭിക്കുകയും വേണം.
- ഗുരുതരമായ കാറ്റഗറി മൂന്നില്‍ പെട്ട കേസുകള്‍ക്ക് വാക്സിന് പുറമെ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പ്പ് കൂടി എടുക്കണം. വന്യമൃഗങ്ങളുടെ കടിയോ, മാന്തലോ ഉണ്ടായാലും കാറ്റഗറി മൂന്നായാണ് പരിഗണിക്കുന്നത്.
- മലപ്പുറം ജില്ലയിലെ എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ വാക്സിൻ ലഭ്യമാണ്.
- ജില്ലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രികളായ പെരിന്തല്‍മണ്ണ, നിലമ്ബൂർ, തിരൂർ എന്നിവിടങ്ങളിലും മലപ്പുറം, തിരൂരങ്ങാടി, അരീക്കോട്, കൊണ്ടോട്ടി, കുറ്റിപ്പുറം, പൊന്നാനി, എന്നീ താലൂക്ക് ആശുപത്രികളിലും പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഇമ്മ്യൂണോഗ്ലോബുലിൻ ലഭ്യമാണ്.
- വളർത്തു നായകള്‍ക്ക് സമയാസമയങ്ങളില്‍ വാക്സിനേഷൻ നല്‍കണം. വാക്സിനേഷൻ എടുത്താലും അവയില്‍ നിന്ന് കടിയേറ്റാല്‍ പേവിഷബാധക്കുള്ള വാക്സിൻ എടുക്കണം.
- സ്ഥിരമായി മൃഗങ്ങളില്‍ നിന്ന് കടിയേല്‍ക്കാൻ സാദ്ധ്യതയുള്ള തൊഴിലില്‍ ഏർപ്പെട്ടിരിക്കുന്നവർ മുൻകൂട്ടി പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് നല്ലതാണ്.
- മുൻകാലങ്ങളിലേതു പോലെ പൊക്കിളിനു ചുറ്റും കുത്തിവയ്ക്കുന്ന കഠിനമായ കുത്തിവയ്പ്പ് രീതിയല്ല ഇന്നുള്ളത്. തൊലിപ്പുറത്തോ, പേശികളിലോ എടുക്കുന്ന ലളിതമായ കുത്തിവെയ്പ് രീതിയാണ് നിലവിലുള്ളത്
