കൊച്ചി : വീട്ട് പ്രസവത്തിനെതിരായ ഹർജി വേനൽ അവധിയ്ക്ക് മുമ്പ് പരിഗണിക്കണമെന്ന് ഹർജിക്കാരിയായ ഡോ. കെ. പ്രതിഭ ഹൈക്കോടതിയിൽ 07/ 04 / 2025 (ഇന്ന്) പെറ്റിഷൻ ഫയൽ ചെയ്തു . വീട്ടിൽ നടന്ന പ്രസവത്തെ തുടർന്ന് കഴിഞ്ഞ ദിവസം യുവതി മരിച്ച സാഹചര്യത്തിൽലാണ് പെറ്റീഷൻ ഫയൽ ചെയ്തത്.
ഡോക്ടർ കെ. പ്രതിഭ കഴിഞ്ഞ വർഷം അവസാനമാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത് . ഡോ. കെ. പ്രതിഭ മെഡിക്കൽ ഓഫീസറായ പ്രദേശത്തെ ഇത്തരം സാഹചര്യം കണക്കിലെടുത്ത് വീട്ട് പ്രസവത്തിലെ അപകടത്തിനെതിരെ ബോധവൽക്കരണ മടക്കമുള്ള പരിപാടികൾക്ക് മലപ്പുറം താനൂർ സ്വദേശിനിയായ ഡോക്ടർ കെ. പ്രതിഭ നേതൃത്വം നൽകിയിരുന്നു.
വീട്ട് പ്രസവങ്ങൾ അപകടകരമെന്നതിനാൽ ഇത് നിയന്ത്രിക്കുവാൻ കർശന മാനദണ്ഡം ആവശ്യപ്പെട്ട് ഡോക്ടർ കെ. പ്രതിഭ കഴിഞ്ഞ വർഷം അവസാനമാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത് . എന്നാൽ ഇത് നിയന്ത്രിക്കുന്നതിന് മാനദണ്ഡമില്ലെന്ന കാര്യം തിരിച്ചറിഞ്ഞതോടെ ഇവർ സർക്കാരിന് കത്ത് നൽകുകയായിരുന്നു. അതേ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത് .
നിലപാട് വ്യക്തമാക്കുവാൻ സാവകാശം ചോദിച്ച് സർക്കാർ
17/03/2025-ന് മുമ്പ് കേസ് നിരവധി തവണ കോടതി പരിഗണിച്ചിരുന്നു . ഹർജിയിൽ സർക്കാരിന്റെ വിശദീകരണം കോടതി തേടിയിട്ടും നിലപാട് വ്യക്തമാക്കുവാൻ സാവകാശം സർക്കാർ ചോദിച്ചു . വേനൽ അവധിയ്ക്ക് ശേഷം കേസ് പരിഗണിക്കുവാനും സർക്കാരിനോട് സത്യവാങ് ഫയൽ ചെയ്യുവാനും 17/03/2025-ന് കോടതി നിർദ്ദേശിച്ചു . എന്നാൽ ഇപ്പോഴത്തെ മരണവും പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് വേനൽ അവധിയ്ക്ക് മുമ്പ് കേസ് പരിഗണിക്കണമെന്നാണ് ആവശ്യം .
കഴിഞ്ഞ 9 മാസത്തിനിടയിൽ 9 നവജാത ശിശുക്കൾ കേരളത്തിൽ മരണപ്പെട്ടു
പൊതു പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന് ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് നൽകിയ വിവരാവകാശ മറുപടിയിൽ ഞെട്ടിപ്പിക്കുന്ന വീട്ട് പ്രസവങ്ങളുടെ കണക്കുകളാണ് അടുത്ത സമയത്ത് പുറത്ത് വന്നത് . ഇതും ഡോ. കെ. പ്രതിഭ ഹർജിയിൽ ഉൾപ്പെടുത്തി ഹൈക്കോടതിയിൽ സമർപ്പിച്ചു . കഴിഞ്ഞ 9 മാസത്തിനിടയിൽ 9 നവജാത ശിശുക്കളും കേരളത്തിൽ മരണപ്പെട്ടതായി അഡ്വ. കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് നൽകിയ രേഖകളിൽ വ്യക്തമാക്കുന്നു .
ഗർഭ പാത്രത്തിനകത്ത് ശരിയായ രീതിയിൽ വളരുവാനും പുറത്ത് വരുവാനും കുഞ്ഞിന് മൗലിക അവകാശം
അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനുമാണ് ഡോ. കെ. പ്രതിഭയുടെ പോരാട്ടം . ഗർഭ പാത്രത്തിനകത്ത് ശരിയായ രീതിയിൽ വളരുവാനും പുറത്ത് വരുവാനും കുഞ്ഞിന് മൗലിക അവകാശമുണ്ട് . ജനന സമയത്തും ഗർഭ പാത്രത്തിൽ വളരുമ്പോഴും ശരിയായ വൈദ്യ പരിചരണം ഒഴിവാക്കുവാൻ കഴിയുന്നതല്ല . വീട്ട് പ്രസവങ്ങളിലൂടെ കുഞ്ഞുങ്ങളെയും അമ്മമാരെയും അപകടപ്പെടുത്തുന്നത് നിയമപരമായി അംഗീകരിക്കുവാൻ കഴിയില്ല , ഇതാണ് ഡോ. കെ. പ്രതിഭ പറയുന്നത്
