കൊച്ചി | ‘എമ്പുരാന്‍’ സിനിമയുടെ പ്രദര്‍ശനത്തിന് അടിയന്തര വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് ചോദിച്ചു കൊണ്ടാണ് ആവശ്യം സിംഗിള്‍ ബഞ്ച് നിരസിച്ചത്. .അതേസമയം പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി തൃശൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗം വി വി വിജീഷ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
ഹരജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്ന് കോടതി
ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും സെന്‍സര്‍ ബോര്‍ഡിനും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച കോടതി എതിര്‍കക്ഷികളായ മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ നടപടികളില്‍ നിന്ന് തത്ക്കാലം ഒഴിവാക്കിയിട്ടുണ്ട്. പ്രശസ്തിക്കു വേണ്ടിയാണ് ഹരജിയെന്നും ഹരജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും പറഞ്ഞ കോടതി ഹരജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളുകയായിരുന്നു. കേസ് വിശദമായ വാദത്തിന് മാറ്റി.
പ്രശസ്തിക്കു വേണ്ടിയാണോ ഹരജിയെന്ന് കോടതി .
എമ്പുരാന്‍ സിനിമയുടെ പേരില്‍ കേരളത്തിലെങ്ങും കേസെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സെന്‍സര്‍ ബോര്‍ഡ് സിനിമ അംഗീകരിച്ചതല്ലേയെന്നും പിന്നെയെന്താണ് ആശയക്കുഴപ്പമെന്നും ഹരജിക്കാരനോട് കോടതി ചോദിച്ചു. പോലീസ് എന്തെങ്കിലും കേസെടുത്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഹരജിക്കാരന്റെ മറുപടി. തുടര്‍ന്നാണ് പ്രശസ്തിക്കു വേണ്ടിയാണോ ഹരജിയെന്ന് കോടതി ചോദിച്ചത്. .