നീപെഡോ | മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ ആകെ തകര്‍ന്നടിഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തിന് പിറകെ 70 പേരെ കാണാതായതായിട്ടുണ്ട്. നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിരവധിയാളുകള്‍ കുടുങ്ങി കിടക്കുകയാണ്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ് .
റിക്ടര്‍ സ്‌കെയിലില്‍ 7.7 , 6.8 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂലനങ്ങളുണ്ടായി
സുപ്രധാന ദേശീയ പാതകള്‍ പലതും പിളര്‍ന്നു പോയതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാന്‍മാറിലുണ്ടായത്.മാർച്ച് 28 വെളളിയാഴ്ച ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.മാന്റ്‌ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ കണ്ടെത്തി. തായ്‌ലാന്‍ഡിലും പ്രകമ്പനമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്
മെട്രോ, റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
ഭൂചലനം നടന്ന സാഹചര്യത്തില്‍ ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.