കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ കെ. ബാബുവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. 2007 ജൂലൈ മുതൽ 2016 മേയ് വരെയുള്ള കാലയളവിൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് നടപടി. ഇഡി അന്വേഷണം പൂർത്തിയാക്കി കൊച്ചി പി.എം.എൽ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കെ. ബാബു അനധികൃതമായി 25 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചതായി വ്യക്തമാക്കുന്നു.
വിജിലൻസ് നേരത്തെ അനധികൃത സ്വത്തുസമ്പാദനക്കേസെടുത്തിരുന്നു
നിലവിൽ എം.എൽ.എയായ കെ. ബാബുവിനെതിരെ വിജിലൻസ് നേരത്തെ അനധികൃത സ്വത്തുസമ്പാദനക്കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് കെ. ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. 25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ. ബാബുവിനുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് വിജിലൻസും കുറ്റപത്രം സമർപ്പിച്ചിരുന്നു.
കെ. ബാബു എം.എൽ.എ വിചാരണ നേരിടേണ്ടിവരും
ഇഡി അന്വേഷണത്തിന് എതിരെ നേരത്തെ കെ. ബാബു ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഇഡി കുറ്റപത്രം സമർപ്പിച്ചതോടെ കെ. ബാബു എം.എൽ.എ വിചാരണ നേരിടേണ്ടിവരും