കൊണ്ടോട്ടി: നെടിയിരുപ്പ് ചിറയില്‍ മുക്കൂടുനിന്ന് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത് ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്ന് കേസ്. ഒമാനില്‍നിന്ന് കാര്‍ഗോ വഴി എത്തിച്ച 1.665 കിലോ എംഡിഎംഎയാണ് മുക്കൂട് മുള്ളന്‍മടക്കല്‍ ആഷിക്കിന്റെ വീട്ടില്‍നിന്ന് പിടികൂടിയത്.
രണ്ടുവര്‍ഷം മുന്‍പ് വേങ്ങരയില്‍നിന്ന് പിടികൂടിയ 800 ഗ്രാംഎംഡിഎംഎ കേസായിരുന്നു ഇതുവരെ ജില്ലയിലെ വലിയ ലഹരിമരുന്ന് വേട്ട. ഇത്തവണ അതിന്റെ ഇരട്ടിയിലേറെ ആയി.
മുക്കൂട് പ്രദേശം ഞെട്ടലിൽ
കൊച്ചിയിലെ ലഹരിമരുന്ന് കേസില്‍ കഴിഞ്ഞദിവസം മട്ടാഞ്ചേരി പോലീസെത്തി ആഷിക്കിനെ പിടികൂടിയപ്പോള്‍തന്നെ മുക്കൂട് പ്രദേശം ഞെട്ടലിലായിരുന്നു. മാർച്ച് 10 തിങ്കളാഴ്ച പുലര്‍ച്ചെ ഇയാളുടെ വീട്ടില്‍നിന്ന് വന്‍ എംഡിഎംഎ ശേഖരം പിടികൂടിയതോടെ നാട്ടുകാര്‍ കടുത്ത ആശങ്കയിലായി.
കൊച്ചിയിലെ കേസിലും ഒമാനില്‍നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.
അഞ്ചുവര്‍ഷം മുന്‍പാണ് ആഷിക് വിദേശത്തേക്കു പോയത്. ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇതിന്റെ മറവിലാണ് ലഹരിമരുന്ന് കടത്ത്. കൊച്ചിയിലെ കേസിലും ഒമാനില്‍നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വീട്ടില്‍നിന്നു പിടികൂടിയ എംഡിഎംഎ ആഷിക്കിന്റെ പേരില്‍തന്നെയാണ് അയച്ചത്. ചെന്നൈ വിമാനത്താവളത്തില്‍നിന്ന് സാധനം വാങ്ങാതിരുന്നതിനാല്‍ കാര്‍ഗോ ഏജന്‍സി വീട്ടില്‍ എത്തിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വീട്ടുകാരുടെ ഫോണ്‍കോളുകളടക്കം പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥന്‍ പറഞ്ഞു