വാഷിങ്ടണ്‍: . ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി 300-ഓളം വ്യക്തികളും സംഘടനകളും നാമനിർദേശം ചെയ്തതായി നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നാമനിർദേശ പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രാൻസിസ് മാർപ്പാപ്പ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ്, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്.
ഇതിനു മുമ്പും ട്രംപിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്തിട്ടുണ്ട്
ട്രംപിനെ നാമനിർദേശം ചെയ്യുമെന്ന് യുഎസ് കോൺഗ്രസ് അംഗമായ ഡാരെൽ ഇസ്സ സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. സമാധാന നൊബേലിന് ട്രംപിനെക്കാൾ അർഹതയുള്ളയാൾ ഇല്ലെന്നാണ് അദ്ദേഹം കുറിച്ചത്. മിഡിൽ ഈസ്റ്റിൽ ട്രംപ് നടത്തിയ സമാധാന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്. എന്നാൽ നാമനിർദേശത്തിന് അവസാന തീയതി കഴിഞ്ഞ ശേഷമാണ് ഇസ്സയുടെ പ്രഖ്യാപനം. ഇതിനു മുമ്പും ട്രംപിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്തിട്ടുണ്ട്.
ജേതാവിനെ ഒക്ടോബറിൽ പ്രഖ്യാപിക്കും
ഈ വർഷത്തെ പുരസ്കാര ജേതാവിനെ ഒക്ടോബറിൽ പ്രഖ്യാപിക്കും. 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ ആകെ 338 പേരാണ് ഈ വർഷം നാമനിർദേശം ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം 286 നാമനിർദേശങ്ങളായിരുന്നു ലഭിച്ചത്. 2016-ലാണ് ഏറ്റവും കൂടുതൽ, 376 പേർ, നാമനിർദേശം ചെയ്യപ്പെട്ടത്.

